രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ല: വെള്ളാപ്പള്ളി

എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , രാഷ്ട്രീയ പാര്‍ട്ടി
ആലപ്പുഴ| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (13:38 IST)
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണമെന്ന ലക്ഷ്യത്തിലേക്ക് എസ്എന്‍ഡിപി യോഗം നീങ്ങുകയാണ്. ആരുവന്നാലും ഇല്ലെങ്കിലും തങ്ങള്‍ സ്വീകരിച്ച നയവുമായി മുന്നോട്ട് പോകും. ഇതിനായി ആരുവരുന്നോ ഇല്ലയോയെന്നത് ഒരു പ്രശ്നമല്ലെന്നും
വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ മാറിനില്ക്കുന്നവര്‍ കുറച്ച് കഴിയുബോള്‍ കാര്യങ്ങള്‍ മനസിലാക്കി കൂടെവരും. വരേണ്ടവര്‍ കാലങ്ങളാകുമ്പോള്‍ ഇതിലേക്ക് വന്നുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എസ്‌‌എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഹിന്ദു വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കത്തിനിടെ പദ്ധതിയോട് മുഖം തിരിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തി. സംവരണ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകാന്‍ ഒരുക്കമല്ലെന്നും തങ്ങള്‍ക്ക് സെകുലര്‍ നിലപാടാണുള്ളതെന്നും എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തിങ്കളാഴ്‌ച വ്യക്തമാക്കുകയും ചെയ്‌തു.

എന്‍എസ്എസ് വിശാല ഹിന്ദു ഐക്യത്തിനായി മുന്നില്‍ നില്‍ക്കില്ല. ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ കാലാകാലങ്ങളില്‍ എന്‍എസ്എസ് ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ട്- സുകുമാരന്‍ നായര്‍ തിങ്കളാഴ്‌ച പറഞ്ഞിരുന്നു. എസ്‌എന്‍‌ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു.

മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് മതേതര സ്വഭാവത്തിന് എതിരാണ്. പഴയകാല അനുഭവങ്ങളില്‍ നിന്നാണ് താനിതുപറയുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തെ എന്‍എസ്എസ് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെയോ ഏതെങ്കിലും പാര്‍ട്ടിയില്‍ പങ്കാളിയാകുന്നതിലൂടെയോ എല്ലാം പിടിച്ചടക്കാമെന്ന് എന്‍എസ്എസ് കരുതുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :