തിരുവനന്തപുരം|
Last Updated:
വെള്ളി, 26 ഡിസംബര്‍ 2014 (18:47 IST)
ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‍നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ നടക്കും. തീര്‍ഥാടനത്തോടനുബന്ധിച്ച വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് – തീര്‍ഥാടനകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 31 നു രാവിലെ 9.30ന് നടക്കുന്ന തീര്‍ഥാടക സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷനാകും. സംഗീതജ്ഞരായ എം.കെ. അര്‍ജുനന്‍, കെ.ജി. ജയന്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവരെ ആദരിക്കും.
ശനിയാഴ്ച കാര്‍ഷികവ്യാവസായിക പ്രദര്‍ശനത്തോടെ തീര്‍ഥാടനത്തോടനുബന്ധിച്ച പരിപാടികള്‍ക്ക് തുടക്കമായി. 30ന് രാവിലെ 7.30ന് ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. 9.30ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. പകല്‍ 12ന് ശുചിത്വഭാരതം ഗുരുദര്‍ശനത്തിലൂടെ എന്ന സമ്മേളനം കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.കെ. മുനീര്‍ അദ്ധ്യക്ഷനാകും. ഡോ. തോമസ് ഐസക് എംഎല്‍എ മുഖ്യാതിഥിയാകും. പകല്‍ രണ്ടിന് ശ്രീനാരായണപപ്രസ്ഥാനം ദേശീയധാരയില്‍ എന്ന സെമിനാര്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണഗുരു രചിച്ച ‘ദൈവദശക’ത്തിന്റെ 100-ാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച് 30ന് വൈകിട്ട് അഞ്ചിന് ദൈവദശക ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ‘ലോകമനസ് ശിവഗിരിയിലേക്ക്’ എന്ന പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 6.30 മുതല്‍ 6.40 വരെ വിശ്വാസികള്‍ ദൈവദശകം ആലപിക്കും. ലോകം മുഴുവനുമുള്ള ഗുരുഭക്തര്‍ക്ക് ഇതില്‍ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 31ന് പുലര്‍ച്ചെ 4.30ന് തീര്‍ഥാടന ഘോഷയാത്ര ശിവഗിരിയില്‍നിന്ന് പുറപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍വഴി മഠത്തില്‍ തിരിച്ചെത്തും.
തുടര്‍ന്നു
31 നു പകല്‍ 12ന് വനിതാ-യുവജന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു മുഖ്യാതിഥിയാകും. പകല്‍ രണ്ടിന് കാര്‍ഷിക-വ്യാവസായിക സമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി. മോഹനന്‍ അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് ശാസ്ത്രസാങ്കേതിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകും.
ജനുവരി ഒന്നിന് രാവിലെ എട്ടിന് ശിവഗിരി സമാധിമന്ദിരത്തിലെ ഗുരുദേവ പ്രതിമാപ്രതിഷ്ഠാദിനം ആഘോഷിക്കും. തുടര്‍ന്നുനടക്കുന്ന ഗ്ലോബല്‍ ശ്രീനാരായണ യൂത്ത് മീറ്റും ആഗോള ശ്രീനാരായണീയ യുവജന സംഗമവും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 12ന് മാധ്യമസെമിനാര്‍ മന്ത്രി ഷിബു ബേബി ജോണും 2.30ന് സാഹിത്യസമ്മേളനം എം.പി. വീരേന്ദ്രകുമാറും ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷനാകും.