jibin|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (04:17 IST)
തലശ്ശേരി/തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ- ഓഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ശ്രീരാമ സേന- ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പിടിയിലായ നാലുപേരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ കാര്യം വ്യക്തമാക്കിയത്. വധഭീഷണി, സ്‌ത്രീകള്‍ക്കെതിരായ മോശമായ പ്രചാരണം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ കസ്‌റ്റഡിലാകുമെന്നാണ് റിപ്പോര്‍ട്ട്.
ധര്‍മടം കിഴക്കെ പാലയാട്ടെ കേളോത്തുങ്കണ്ടി ഷിജിന്‍ (28), തുലാപ്പറമ്പത്ത് വികാസ് (31), കുയ്യാലിയിലെ തുയ്യത്ത് ഹൗസില്‍ വിഭാഷ് (25) എന്നിവരെയാണ് ധര്‍മടം പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. പാലോട് ഭരതന്നൂര്‍ സ്വദേശി രാരിഷിനെ (20) തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസും പിടികൂടി. ഇതേകേസില്‍ കണ്ണൂര്‍ ധര്‍മടം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ഓരോപേര്‍ വീതം കസ്റ്റഡിയിലായിട്ടുണ്ട്.
സംഘധ്വനിയെന്ന വാട്‌സ് ആപ്പ് ഗ്രൂപ്പു വഴിയാണ് പ്രതികള്‍ സിന്ധുവിനെതിരെ പ്രചാരണം നടത്തിയത്. സിന്ധുവിന്റെ പേരും മൊബൈല്‍ നമ്പരും ഈ ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയും കൂട്ടായി ഭീഷണി നല്‍കാന്‍ പ്രതികള്‍ എല്ലാവരോടും ആഹ്വാനം ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തിന് പുറത്തും നിന്നും വിദേശത്തു നിന്നുമായും വധഭീഷണികള്‍ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സിന്ധു ദുര്‍ഗ ദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു വധഭീഷണി ഉണ്ടായത്.