രേണുക വേണു|
Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (08:09 IST)
പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതക കേസില്‍ വഴിത്തിരിവായത് ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. വേറൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതെന്നാണ് ഗ്രീഷ്മ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണിനോട് നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണ്‍ സമ്മതിച്ചില്ല. അതിനിടെയാണ് ഒക്ടോബര്‍ 14 ന് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അമ്മാവന്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന തുരിശ് താന്‍ കുടിക്കുമെന്ന് ഗ്രീഷ്മ അവിടെവെച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ ഗ്രീഷ്മയെ ഷാരോണ്‍ അതില്‍ നിന്നു പിന്തിരിപ്പിച്ചു. പിന്നീട് ഷാരോണ്‍ വാഷ്‌റൂമില്‍ പോയി വന്ന സമയത്തിനുള്ളില്‍ കഷായത്തില്‍ ഗ്രീഷ്മ തുരിശ് കലര്‍ത്തി.
ഷാരോണ്‍ തിരിച്ചെത്തിയപ്പോള്‍ തുരിശ് കലര്‍ത്തിയ കഷായം കാണിച്ച് ഇത് താന്‍ കുടിക്കുന്നതാണെന്ന് ഗ്രീഷ്മ പറഞ്ഞു. ഉടനെ അത് വാങ്ങി ഷാരോണ്‍ കുടിച്ചു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദിക്കാനും അവശനാകാനും തുടങ്ങി. അപ്പോഴാണ് താന്‍ കഷായത്തില്‍ തുരിശ് കലര്‍ത്തിയ കാര്യം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ആരോടും പറയേണ്ട എന്നാണ് ഷാരോണ്‍ ഗ്രീഷ്മയ്ക്ക് നിര്‍ദേശം നല്‍കിയത്. താന്‍ അത് ഛര്‍ദിച്ചു കളഞ്ഞെന്നും ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നും ഷാരോണ്‍ പറഞ്ഞതായി ഗ്രീഷ്മ വെളിപ്പെടുത്തി.