നിഹാരിക കെ.എസ്|
Last Modified ശനി, 1 മാര്‍ച്ച് 2025 (08:34 IST)
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാൽ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല' - എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്.
കൂട്ടത്തല്ലിൽ മരിച്ചാൽ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും മറ്റൊരു വിദ്യാർഥി പറയുന്നതും വോയ്സ് ചാറ്റിലുണ്ട്. ട്യൂഷൻ ക്ലാസിലെ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണം ആസൂത്രിതമാണെന്നതിന്റെ തെളിവുകളാണ് ശബ്ദ സന്ദേശത്തിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. തിരിച്ചടിക്കാനായി ട്യൂഷൻ സെന്ററിനു സമീപം എത്താനായിരുന്നു ആഹ്വാനം.
എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ.