കേസെടുത്തതിനു പിന്നാലെ പ്രതിരോധത്തിലായി ബോബി ചെമ്മണ്ണൂര്‍; അറസ്റ്റ് പേടി !

ഓഗസ്റ്റ് ഏഴിനു കണ്ണൂരില്‍ നടന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ നടി ഹണി റോസിനെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയത്

Boby Chemmannur and Honey Rose
Boby Chemmannur and Honey Rose
രേണുക വേണു| Last Modified ബുധന്‍, 8 ജനുവരി 2025 (08:24 IST)

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ പ്രതിരോധത്തിലായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോടു താന്‍ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. താന്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് ബോബി ചെമ്മണ്ണൂരിന്റെ ഏറ്റുപ്പറച്ചില്‍.

ഓഗസ്റ്റ് ഏഴിനു കണ്ണൂരില്‍ നടന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ നടി ഹണി റോസിനെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയത്. മാസങ്ങള്‍ക്കു മുന്‍പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നതെന്നും അന്നൊന്നും ഇല്ലാത്ത പരാതി ഇപ്പോള്‍ വരാനുള്ള കാരണം തനിക്കു അറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

' ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീ ദേവിയോട് ഞാന്‍ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാല്‍ അതില്‍ മോശമായ കാര്യമൊന്നും ഇല്ല. തെറ്റായ വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഹണി റോസിന്റെ മാനേജര്‍ എന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്,' ബോബി പറഞ്ഞു.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 75(4) പ്രകാരം ലൈംഗികചുവയുള്ള പരാമര്‍ശം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 സെക്ഷന്‍ 67 പ്രകാരം സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളാണ് ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :