കെ എസ് ഭാവന|
Last Updated:
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (10:53 IST)
'കന്യാസ്‌ത്രീ നൽകിയ പീഡന പരാതിയിൽ ബിഷപ്പിനെ അറസ്‌റ്റ് ചെയ്യുമോ?' എന്ന ചോദ്യത്തിന് ഇനിയും ഉത്തരം നൽകാൻ കേരള പൊലീസിന് ആയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഏഴ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ ഇന്നും തുടരും. ആദ്യത്തെ ദിവസം 150ഓളം ചോദ്യങ്ങൾ നേരിട്ട ബിഷപ്പ് ചില ചോദ്യങ്ങളിൽ ഉത്തരംമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഈ സാഹചര്യത്തിൽ ഒരു സാധാരണക്കാരനായിരുന്നെങ്കിൽ അറസ്‌റ്റ് ചെയ്‌ത് റിമാർഡ് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യവും അതിന് ആവശ്യമായ തെളിവുകളും പൊലീസിന്റെ കൈവശം ഉണ്ടാകും. കൊമ്പത്ത് പിടിപാടുള്ളതുകൊണ്ടുതന്നെ ഫ്രാങ്കോ മുളയ്‌ക്കലിനെ തൊടുമ്പോൾ ശ്രദ്ധിക്കണം എന്ന നിലപാടാണ് കേരളാ പൊലീസ് എടുക്കുന്നത്.
ബുധനാഴ്‌ച നടത്തിയ ചോദ്യം ചെയ്യലിൽ ഫ്രാങ്കോ മുളയ്‌ക്കൽ നൽകിയ ഉത്തരങ്ങൾ തൃപ്‌തികരമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് നിയമവിദഗ്ദ്ധര്‍ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അറസ്‌റ്റ് മാത്രം ഉണ്ടാകുന്നില്ല. അന്വേഷണ സംഘത്തിന് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അറസ്‌റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ എന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ നിരവധി ഫാൻസുള്ള ദിലീപിന്റെ വിഷയത്തിൽ പോലും എടുക്കാത്ത കരുതലുകളാണ് കേരളാ പൊലീസ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ വിഷയത്തിൽ എടുത്തിരിക്കുന്നത്. പീഡനക്കേസിലെ പ്രതികളെ തുടർച്ചയായി ചോദ്യം ചെയ്യുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. അതുപോലെ തന്നെ ദിലീപിനെ ചോദ്യം ചെയ്‌തത് 18 മണിക്കൂറായിരുന്നു. ഈ നീണ്ട 18 മണിക്കൂറിന് ശേഷമാണ് ദിലീപിന്റെ അറസ്‌റ്റ് ഉണ്ടായത്.
ചോദ്യം ചെയ്‌ത് കുറ്റം ആരോപിക്കപ്പെട്ടവരെ കസ്‌റ്റഡിയിൽ വയ്‌ക്കുന്ന നിയമമാണ് ഇവിടെയുള്ളത് എന്നാൽ ഫ്രാങ്കോ മുളയ്‌ക്കലിന്റെ കാര്യത്തിൽ ലംഘിക്കപ്പെടുന്നത് അതാണ്. ഒരു ദിവസം ഏഴ് മണിക്കൂർ മാത്രം ചോദ്യം ചെയ്‌ത് പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് രാത്രി താമസത്തിനായി വിടുന്നു. പിറ്റേന്ന് പത്ത്, അല്ലെങ്കിൽ പതിനൊന്ന് മണിക്ക് ഹാജരാകണമെന്ന് പറയുന്നു. ഫ്രാങ്കോയുടെ കാര്യത്തിൽ നടക്കുന്നത് ഇതാണ്. ഒരു വി ഐ പി ട്രീറ്റ്മെന്റ്.
രണ്ടാം ദിവസത്തിൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്‌തതിലും ഫ്രാങ്കോ നൽകിയ ഉത്തരങ്ങൾ തൃപ്‌തികരമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കന്യാസ്ത്രീ നടത്തിയ കുമ്പസാരം തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. അതിന് പിന്നിലുള്ള കാരണമായി ഫ്രാങ്കോ മുളയ്‌ക്കൽ പറഞ്ഞത് കുമ്പസാര രഹസ്യം വെളിപ്പെടുത്തരുത് എന്നതായിരുന്നു. തുടർന്ന് അട്ടപ്പാടിയിലേക്ക് പോയ പൊലീസുകാരോട് ധ്യാനകേന്ദ്രം അധികൃതർ പറഞ്ഞതും ഇതേ നിലപാടായിരുന്നു.
കേസിലെ സുപ്രധാന തെളിവുകളാണ് ആ കുമ്പസാര രഹസ്യം. 2017 മെയ് മാസം കന്യാസ്‌ത്രീയ്‌ക്കെതിരായി അച്ചടക്ക നടപടിയെടുത്തതിനെത്തുടർന്നുണ്ടായ വിധ്വേഷമാണ് ഇത്തരത്തിലുള്ളൊരു കേസിലേക്ക് വഴിതെളിച്ചതെന്നാണ് ബിഷപ്പ് നൽകിയ മൊഴി. എന്നാൽ കന്യാസ്‌ത്രീ പറയുന്നത് 2016 സെപ്‌തംബർ മാസം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെ കുമ്പസാരത്തിൽ താനിത് പറഞ്ഞു എന്നാണ്.
താൻ കുറവിലങ്ങാട് മഠത്തിൽ താമസിച്ചില്ലെന്നും മുതലക്കോടം മഠത്തില്‍ താമസിച്ചുവെന്നുമായിരുന്നു ഫ്രാങ്കോ മുളയ്‌ക്കൽ നൽകിയ മറ്റൊരു മൊഴി. എന്നാൽ തെളിവുകൾ നിരത്തിയപ്പോൾ ആ വാദവും പൊളിഞ്ഞു. അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ പദവിയില്‍ നിന്ന് വത്തിക്കാനും ഫ്രാങ്കോയെ മാറ്റി. കഴിഞ്ഞ ദിവസം നൽകിയ പല മൊഴികളും പൊളിഞ്ഞപ്പോഴും തന്റെ നിലപാടിൽ ഫ്രാങ്കോ ഉറച്ചുനിന്നു. ഇന്നലെ തന്നെ അറസ്‌റ്റ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
മാധ്യമങ്ങളിൽ നിന്ന് ഫ്രാങ്കോ മുളയ്‌ക്കലിനെ രക്ഷിക്കാൻ അതീവ ശ്രദ്ധയോടെയാണ് പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആദ്യം ദിവസം മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഫ്രാങ്കോയെ എത്തിക്കാൻ പൊലീസ് നടത്തിയ നീക്കങ്ങൾ നാടകീയമായിരുന്നു. പൊലീസ് അകമ്പടിയോടെ രണ്ട് കാറുകൾ ഹോട്ടലിൽ നിന്ന് ഒരേ സമയം ഇറങ്ങി രണ്ട് ദിശകളിലേക്ക് പോയി. ഏത് കാറിലാണ് ഫ്രാങ്കോ ഉള്ളതെന്ന് പുറത്ത് ആർക്കും വ്യക്തമല്ലായിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങൾ പൊലീസ് നടത്തുന്നത് എന്തിനാണെന്നും സംശയകരമാണ്.