തൃശൂർ പൂരം: പാറമേക്കാവിന്റെ കുടയിൽ സവർക്കറുടെ ചിത്രം, വിവാദമായതോടെ പിൻവലിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 മെയ് 2022 (10:45 IST)
തൃശൂർ പൂരത്തിന്റെ കുടമാ‌റ്റത്തിന് ഉപയോഗിക്കുന്ന കുടകളിൽ സവർക്കറുടെ ചിത്രം. സംഭവം വിവാദമായതിനെ തുടർന്ന് കുട ഉപയോഗിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞ് പാറമേക്കാവ് ദേവസ്വം.

ഞായറാഴ്‌ച പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയപ്രദർശനത്തിലാണ് കുടകൾ പ്രദർശിപ്പിച്ചത്. സ്വാതന്ത്ര്യസമരസേനാനികളുടെയും നവോത്ഥാനനായകരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കുടകൾ പ്രദർശനത്തിനുണ്ടായിരുന്നു. ഗാ‌ന്ധിജി,ഭഗത് സിങ്,നേതാജി,രാജാറാം മോഹൻ റോയ്, ഉദ്ധംസിങ്, ചട്ടമ്പിസ്വാമി, മന്നത്ത് പദ്‌മനാഭൻ തുടങ്ങിയവരുടെ ചിത്രങ്ങളാണുണ്ടായിരുന്നത്.

ഓരോ കുടയിലും ഏഴ് പേർ വീതമാണ് ഉണ്ടായിരുന്നത്. ഇതിൽ ചില കുടകളിൽ സവർക്കറുടെ ചിത്രവും ഉണ്ടായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രത്യ്സ്കഹപ്പെട്ടതോടെ വലിയ വിമർശനമാണ് തീരുമാനത്തിനെതിരെ ഉയർന്നത്. ഇതോടെ വിവാദങ്ങൾക്ക് ഇടം നൽകേണ്ടെന്ന തീരുമാനത്തിൽ ദേവസ്വം കുടകൾ പിൻവലിക്കുകയായിരുന്നു.

കുടകൾ ചിലർ വഴിപാടായി നൽകാറുണ്ടെന്നും അത്തരമൊന്നിലാണ് ഇതുൾപ്പെട്ടതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യലബ്‌ധിയുടെ 75-ാം വാർഷികാഘോഷമായ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കുടകളിൽ ചരിത്രപുരുഷന്മാരുടെ ചിത്രം ഉൾപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :