ഓപ്പറേഷന്‍ സുലൈമാനിക്ക് പിന്നാലെ 'കലക്ടര്‍ ബ്രോ'യുടെ ഓപ്പറേഷന്‍ സവാരി ഗിരി ഗിരി

Last Modified ശനി, 1 ഓഗസ്റ്റ് 2015 (16:57 IST)
ഓപ്പറേഷന്‍ സുലൈമാനി അവതരിപ്പിച്ച കലക്ടര്‍ എന്‍ പ്രശാന്ത് പുതിയ പദ്ധതിയുമായി രംഗത്ത്. സവാരി ഗിരി ഗിരിയെന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ‘ബസ് യാത്രക്കാരില്‍ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന് വിഭാഗം നമ്മുടെ സ്‌കൂള്‍ കുട്ടികളാണു. അതുകൊണ്ടു തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം കുട്ടികളുടെ യാത്ര പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമം വെച്ച് തുടങ്ങാമെന്നു കരുതുന്നു’ കലക്ടര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സ്വകാര്യ ബസുകള്‍ തമ്മിലുള്ള അനാവശ്യ മല്‍സരവും മല്‍സര ഓട്ടവും എല്ലാ കാലത്തും പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ കാര്യങ്ങളില്‍ ഇടപെടാനും നടപടിക ളെടുക്കാനുമുള്ള ശക്തമായ നിയമങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ ബന്ധപെട്ടവരുടെ നിലപാടില്‍ ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ നിയമനടപടികള്‍ പല പ്പൊഴും തല്‍ക്കാലികമായ മാറ്റത്തിനു മാത്രമേ ഉതകുന്നുള്ളു എന്നാണു നമ്മുടെ അനുഭവം എന്നറിയാമല്ലോ. സ്വകാര്യ ബസുകള്‍ തമ്മില്‍ മല്‍സരത്തിനു പകരം സമാധാനപരമായ സഹവര്‍ത്തിത്വവും പരസ്പര സഹകരണവും ഉണ്ടാവുക എന്നതാണു സ്ഥായിയായ മാറ്റത്തിനുള്ള ഒരേ ഒരു വഴി. ജില്ലാ ഭരണകൂടം ഈ വഴിക്ക് ചില ശ്രമങ്ങള്‍ നടത്തി നോക്കാന്‍ ഉദ്ദേശിക്കുന്നു.

'വരവേല്പ്' എന്ന് വിപുലമായ അര്‍ത്ഥത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ കുട്ടിപതിപ്പ് ആണ് സവാരി ഗിരിഗിരി. ബസ് യാത്രക്കാരില്‍ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന് വിഭാഗം നമ്മുടെ സ്‌കൂള്‍ കുട്ടികളാണു. അതുകൊണ്ടു തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം കുട്ടികളുടെ യാത്ര പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമം വെച്ച് തുടങ്ങാമെന്നു കരുതുന്നു.

ബസില്‍ കുട്ടികളെ കയറ്റാന്‍ സ്വകാര്യ ബസുകള്‍ മടിക്കുന്നത് സാമ്പത്തിക കാരണങ്ങളാലാണു. ഒരു ബസില്‍ കയറ്റിയില്ലെങ്കില്‍ മറ്റൊരു ബസില്‍ കുട്ടികള്‍ കയറും. ഈ 'നഷ്ടം' എന്റെ ബസിനു വേണ്ട എന്ന സങ്കുചിതമായ സൂത്ര നിലപാടില്‍ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരം. ഈ സാമ്പത്തിക ഉത്തരവാദിത്തം എല്ലാ ബസുടമകളും കൂട്ടായി പങ്ക്‌വയ്ക്കുകയാണെങ്കില്‍ കുട്ടികള്‍ കയറുന്ന് ബസിന്റെ ഉടമയോ ജീവനക്കരോ സ്വന്തം ബസിനു മാത്രമായി ഇതൊരു പ്രശ്‌നമായി കാണില്ല. കുട്ടികളുടെ കാര്യത്തില്‍ ഇത്തരം ഒരു സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകള്‍ സമ്മതിച്ചിട്ടുണ്ട്. പദ്ധതിയുടെ സങ്കേതിക വശങ്ങള്‍ വികസിപ്പിച്ച് വരുന്നു.

നമ്മുടെ കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരില്‍ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാന്‍ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക് വേണ്ടി നമുക്ക് യത്‌നിക്കാം. സവാരി ഗിരിഗിരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :