രമേശ് ചെന്നിത്തലയെ സരിത 11 തവണ ഫോണില്‍ വിളിച്ചതായി രേഖകള്‍

ചെന്നിത്തലയെ സരിത 11 തവണ ഫോണില്‍ വിളിച്ചതായി രേഖകള്‍

കൊച്ചി| priyanka| Last Modified ബുധന്‍, 27 ജൂലൈ 2016 (07:41 IST)
മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ 11 തവണ ഫോണില്‍ വിളിച്ചിരുന്നതിനുള്ള രേഖകള്‍ സോളാര്‍ കമ്മീഷനില്‍. ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ മുമ്പാകെ
ചെന്നിത്തലയെ വിസ്തരിക്കുന്നതിനിടെയാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും പേഴ്‌സനല്‍ സ്റ്റാഫാണ് ഫോണെടുക്കാറെന്നും അദ്ദേഹം മൊഴി നല്‍കി.

ചെന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രദോഷ് സരിതയുമായി 127 തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ അഡ്വ. സി ഹരികുമാര്‍ ചെന്നിത്തലയെ കാണിച്ചു. എന്നാല്‍, ഇക്കാര്യം പ്രദോഷ് തന്നോട് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂടുതല്‍ സമയവും ഡല്‍ഹിയില്‍ ആയിരുന്നുവെന്നും ചെന്നിത്തല മറുപടി നല്‍കി. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണത്തെ തുടര്‍ന്ന് സീഡി കണ്ടെടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോവുന്നതിനെ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന ചെന്നിത്തല എന്തുകൊണ്ട് വിമര്‍ശിച്ചുവെന്നും കമ്മീഷന്‍ ആരാഞ്ഞു. ബിജു രാധാകൃഷ്ണനെ സംബന്ധിച്ച് ധാരാളം സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയില്‍ ചാടാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നു. അന്യസംസ്ഥാനത്തേക്ക് അയാളെ കൊണ്ടുപോവുന്നത് ബുദ്ധിമുട്ടായതിനാലാണ് എതിര്‍ത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോട്ടയം സ്വദേശിയായ തോമസ് കുരുവിളയെ ഡല്‍ഹിയില്‍വെച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയാണെന്ന് അറിഞ്ഞിരുന്നില്ല. സരിതയെയും ബിജു രാധാകൃഷ്ണനെയും നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. സരിത തന്റെ ഫോണിലേക്ക് വിളിച്ചതായി പത്രവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. സരിതയെ ഇടപ്പഴഞ്ഞിയിലെ വാടകവീട്ടില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിരുന്നോയെന്ന് തനിക്കറിയില്‌ളെന്നും ചെന്നിത്തല മൊഴി നല്‍കി. വിസ്താരം ബുധനാഴ്ചയും തുടരും.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :