പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ: കെ പി എ സി ലളിതയെ വിമർശിച്ച് ശാരദക്കുട്ടി

Sumeesh| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (17:10 IST)
ഡബ്ലിയു സി സി ക്കെതിരെ അമ്മ നടത്തിയ സമ്മേളനത്തിൽ നടിയും സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായ സ്വീകരിച്ച നിലപാടുകളെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവന്റെ കെട്ട കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെ പി എ സി ലളിത, നിങ്ങൾ ഇന്നു ജീവിക്കുന്നത് എന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പത്തൻപതു വർഷം മുൻപ് അടൂർഭാസി യിൽ നിന്നു നേരിട്ട ദുരനുഭവങ്ങൾ പുറത്തു പറയാൻ അന്ന് കെപിഎസി ലളിതക്കു കഴിയാതിരുന്നത് അന്ന് സമൂഹം ഇത്ര മാത്രം സ്ത്രീപക്ഷത്തുനിന്നു ചിന്തിച്ചു തുടങ്ങുകയോ സാമൂഹിക സാഹചര്യങ്ങൾ സ്ത്രീയുടെ പ്രശ്നങ്ങൾ കേൾക്കാൻ സജ്ജമാകുകയോ ചെയ്യാതിരുന്നതിനാലാണ് എന്നാണ് ഇന്നുച്ച വരെയും ഞാൻ വിശ്വസിക്കാനിഷ്ടപ്പെട്ടത്. ദിലീപിനെ ജയിലിൽ നിങ്ങൾ കാണാൻ പോയപ്പോഴും പൊട്ടിക്കരഞ്ഞപ്പോഴും നിങ്ങളുടെ ചില പ്രത്യേക സാഹചര്യങ്ങൾ ഓർത്ത് ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. പാവത്തിന്റെ നിസ്സഹായത എന്നു കാണാൻ ശ്രമിച്ചു.

പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവന്റെ കെട്ട കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെ പി എ സി ലളിത, നിങ്ങൾ ഇന്നു ജീവിക്കുന്നത്.

A.M.M. A ക്കു വേണ്ടി ഇന്നു വക്കാലത്തു പറയാൻ നിങ്ങൾ വരാൻ പാടില്ലായിരുന്നു. മാപ്പു പറഞ്ഞ് അകത്തു കയറൂ എന്ന് പുതിയ കാലത്തിന്റെ കലാകാരികളോട് പറയുവാൻ പാടില്ലായിരുന്നു. അതിനുള്ള വിവേകം ഈ കാലയളവിലെ ഇടതുപക്ഷ ജീവിതവും അഭിനയ ജീവിതവും നിങ്ങൾക്ക് തന്നില്ല എന്നത് നിങ്ങളുടെ പദവിക്ക് അപമാനകരമാണ്

പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ.. അത്ഭുതം തന്നെ. അൻപതു വർഷം മുൻപ് നിങ്ങൾ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? വലിയൊരു പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന നടി ഇന്നെവിടെയെത്തി നിൽക്കുന്നു?

ഇന്നത്തെ പെൺകുട്ടി അങ്ങനെ. നിൽക്കില്ല. നിങ്ങൾ കേട്ടില്ലേ, പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു പറഞ്ഞത്. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാൻ മടിക്കില്ല.

നിങ്ങൾ ചെയ്ത വേഷങ്ങൾ കണ്ട്, ഭാവപ്പകർച്ചകൾ കണ്ട്, അടൂരിനും അരവിന്ദനും ഒപ്പം ഇൻഡ്യ ആദരിക്കുന്ന മലയാളത്തിന്റെ കലാകാരിയെന്നു നിങ്ങളെ ക്കുറിച്ച് അഭിമാനിക്കുന്ന എനിക്ക്, ഇപ്പോഴണിയുന്ന നിങ്ങളുടെ ഈ വേഷം അസഹ്യമാണ്.

എസ്.ശാരദക്കുട്ടി
15.10.2018



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :