Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

കെപിസിസി നേതൃത്വത്തിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തുകയായിരുന്നു

Sandeep Warrier
രേണുക വേണു| Last Modified ശനി, 16 നവം‌ബര്‍ 2024 (11:33 IST)
Sandeep Warrier

Joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന നേതൃത്വത്തോടു ഇടഞ്ഞാണ് സന്ദീപിന്റെ പാര്‍ട്ടി മാറ്റം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി സി.കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചതു മുതല്‍ സന്ദീപ് പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയില്‍ ആയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സന്ദീപിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

കെപിസിസി നേതൃത്വത്തിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സന്ദീപിനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സന്ദീപിനെ ഷാള്‍ അണിയിച്ചു. എംപിമാരായ ഷാഫി പറമ്പില്‍, ബെന്നി ബെഹനാന്‍ എന്നിവരും സന്നിഹിതരായിരുന്നു. വേദിയില്‍ നേതാക്കളുടെ കൂട്ടത്തില്‍ സന്ദീപിന് ഇരിപ്പിടം നല്‍കി.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് സ്വാധീനമുള്ള യുവനേതാവ് പാര്‍ട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. ബിജെപി സംസ്ഥാന നേതൃത്വം താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു വേണ്ടത്ര ഗൗരവം നല്‍കാത്തതാണ് പാര്‍ട്ടി മാറ്റത്തിലേക്ക് സന്ദീപിനെ നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :