അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:37 IST)
കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെൻ്റ് നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിൻ്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് നിയമ പ്രകാരം കേസെടുത്തു.
സീഡ് ഓയിൽ രാസപരിശോധനയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനയ്ക്കയച്ചു. ഇതിൻ്റെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന്
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിൻ്റെ കുരു വരുന്നത്. നഗരത്തിൽ ഇത്തരത്തിൽ കൂടുതൽ സ്ഥാപനങ്ങൾ വരുന്നതായി എക്സൈസ് സംശയിക്കുന്നു. വിദ്യാർഥികൾ സ്ഥാപനത്തിൽ കൂടുതലായി എത്തുന്നത് പരിഗണിച്ചാണ് എക്സൈസ് നടപടിയെടുത്തത്.