രക്തം വീഴ്ത്തി ശബരിമല അശുദ്ധമാക്കാൻ പ്ലാൻ ചെയ്തു; രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്

അപർണ| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:26 IST)
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കാൻ ഒരുങ്ങിയ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തിയവരെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. വിഷയുമായി ബന്ധപ്പെട്ട് അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിനെതിരെയാണ് എസ്ഐ പ്രമോദ് കേസ് നൽകിയത്.

ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെയാണ് ഇത്തരത്തിൽ പ്ലാനുണ്ടായിരുന്നതായി രാഹുൽ വെളിപ്പെടുത്തിയത്. സർക്കാരിന് മാത്രമല്ല തങ്ങൾക്കും പ്ലാൻ ബിയും സിയും ഉണ്ടായിരുന്നെന്നു എന്നാണ് രാഹുൽ പറഞ്ഞത്.

പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിൻമാറിയിരുന്നു. ‌രക്തം വീഴ്ത്തി ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്നും നട അടയ്ക്കാൻ രക്തം വീഴ്ത്താൻ തയാറായി നിന്നവരോട് അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർഥിച്ചതെന്നും രാഹുൽ പിന്നീട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :