എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 29 ഒക്ടോബര് 2024 (17:39 IST)
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുന്നാൾ പൂണ്ടകൾക്കായി ശബരിമല ശ്രീ ധർമ്മശസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് തുറക്കും. മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ഭദ്രദീപം തെളിക്കും. വ്യാഴാഴ്ച - ഒക്ടോബർ 31 നാണ് ചിത്തിര ആട്ടത്തിരുനാൾ.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ പ്രത്യേക പൂജകൾ നടക്കുന്നത്.
വ്യാഴാഴ്ച - അന്ന് ഉദയാസ്തമയ പൂജ പടി പൂജ കളഭാഭിഷേകം പുഷ്പാഭിഷേകം എന്നിവയും നടക്കും. അന്നു രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. പിന്നീട് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനായി നവംബർ 15 നാണ് ശബരീശ നട വീണ്ടും തുറക്കുന്നത്. അന്നേ ദിവസം വരുന്ന ഒരു വർഷക്കാലത്തേക്കുള്ള പുതിയ മേൽശാന്തിമാരായി നിയമിതരായ അരുൺകുമാർ നമ്പൂതിരി (ശബരിമല) വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകളും അന്നു വൈകിട്ടു നടക്കും.