സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ കുടുങ്ങിയത് പൊലീസുകാർ? രഹ്‌ന മലയിറങ്ങിയപ്പോൾ വിജയിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിന്റെ കരുത്തോ?

സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ കുടുങ്ങിയത് പൊലീസുകാർ? രഹ്‌ന മലയിറങ്ങിയപ്പോൾ വിജയിച്ചത് വിശ്വാസികളുടെ പ്രതിഷേധത്തിന്റെ കരുത്തോ?

Rijisha M.| Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (11:53 IST)
ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശിക്കാം എന്ന ചരിത്രവിധിയുമായി സുപ്രീംകോടതി എത്തിയപ്പോൾ ആ വിധി മുന്നിൽക്കണ്ടുകൊണ്ട് കനത്ത പൊലീസ് സുരക്ഷയോടെ ശബരിമലയിലേക്ക് എത്തിയതായിരുന്നു രഹ്‌നാ ഫാത്തിമ. പ്രതിഷേധക്കാർ എതിർത്തെങ്കിലും ആ എതിർപ്പിലൊന്നും രഹ്‌നയുടെ നിലപാട് മാറിയിരുന്നില്ല. എന്നാൽ ചരിത്രം സൃഷ്‌ടിക്കാനുള്ള നിലപാടുമായെത്തിയ രഹ്‌നയ്‌ക്ക് പണികൊടുത്തത് തന്ത്രിയായിരുന്നു.

ആക്‌ടിവിസ്‌റ്റ് മലചവിട്ടിയാൽ ആചാര ലംഘനത്തിന് നടപടിയെടുക്കുമെന്ന് തന്ത്രി കുടുംബം പറഞ്ഞതോടെ രഹ്‌നയേയും രഹ്‌നയ്‌ക്കൊപ്പം എത്തിയ മാധ്യമപ്രവർത്തകയേയും മലയിറക്കാൻ പൊലീസ് ഒരുങ്ങുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയോടെ തന്നെയാണ് ഇരുവരും മലയിറങ്ങിയത്. അവിശ്വാസികൾ കയറിയാൽ നടപൂട്ടി താക്കോൽ ദേവസ്വത്തിന് കൈമാറുമെന്നാണ് തന്ത്രിവ്യക്തമാക്കിയത്.

പ്രതിഷേധക്കാർ കച്ചകെട്ടി ഇറങ്ങിയപ്പോൾ ഇവിടെ തെറ്റുന്നത് സുപ്രീംകോടതിയുടെ ചരിത്ര വിധിയാണ്. ഉറച്ച നിലപാടിൽ തന്നെയാണ് പ്രതിഷേധക്കാർ വളഞ്ഞിരിക്കുന്നത്. പ്രശ്‌നമുണ്ടാക്കാൻ വേണ്ടിവരുന്നവരെ പിന്തുണയ്‌ക്കില്ലെന്നും അവരെ അംഗീകരിക്കാൻ കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ആക്‌ടിവിസ്‌റ്റുകൾക്ക് കയറിയിറങ്ങാൻ ഒരു അവസരം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തെത്തുടർന്ന് തന്നെയാണ് ആന്ധ്രയിൽ നിന്ന് വന്ന മാധവിയ്‌ക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തക സുഹാസിനിയ്‌ക്കും ആക്‌ടിവിസ്‌റ്റ് രഹ്‌നയ്‌ക്കും പൊലീസ് വേഷത്തിലെത്തിയ മാധ്യമപ്രവർത്തക കവിതയ്‌ക്കും മല കയറാൻ കഴിയാതിരുന്നത്. താൻ നിരീശ്വരവാദിയാണെന്ന് തുറന്ന് സമ്മതിച്ചയാളാണ് രഹ്‌ന. മലകയറാൻ കച്ചകെട്ടിയിറങ്ങുമ്പോൾ ഇവിടെ വിജയിക്കുന്നത് വിശ്വാസികളുടെ പ്രതിഷേധം തന്നെയോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :