സന്നിധാനം|
Last Updated:
ചൊവ്വ, 17 നവംബര്‍ 2015 (12:52 IST)
അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുക്കുന്ന യജ്ഞമാണ്
ശബരിമല തീര്‍ത്ഥാടനം. അതുകൊണ്ട് തന്നെ ഓരോ യാത്ര കഴിയുമ്പോഴും അയ്യപ്പന്മാരുടെ മനസ്സ് പക്ഷിത്തൂവലു പോലെ ഭാരമില്ലാതാവുന്നത്. ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം സ്ഫുരിക്കുന്ന പ്രശാന്തമായ ശൂന്യത. ആ അനുഭൂതിയുടെ നിറവ് അവനെ തിരിച്ചു കൊണ്ടുവരുന്നു, വര്‍ഷാവര്‍ഷം.
വെറുമൊരു ക്ഷേത്രമല്ല, ശബരിമല. മലമുകളിലെ അയ്യപ്പനെ ആരാധിക്കുക മാത്രമല്ല തീര്‍ത്ഥാടന ലക്‌ഷ്യം. ഓരോ ചുവടിലും പ്രകൃതിയെ അറിഞ്ഞ്, ആരാധിച്ച് മുന്നോട്ടു പോകുന്ന യാത്ര മണ്ണിനെ, കാടിനെ, ജീവനെ അറിഞ്ഞ് ഒടുവില്‍ സ്രഷ്‌ടാവിന്റെ മുന്നിലെത്തി സര്‍വ്വം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയിക്കുന്ന ഒന്നാണ്.
വനം ഒരു വിരാട് രൂപമായി ഓരോ അയ്യപ്പനു ചുറ്റും നിറയുന്നു. കാനനവാസനായ അയ്യപ്പനൊപ്പം കാനനത്തെയും ചുറ്റി വണങ്ങുമ്പോഴാണ് ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാവുക.
ഏറെ നാളത്തെ കഠിനവ്രതത്തിനു ശേഷം ശരണം വിളിയുടെ ബലത്തില്‍ ഇരുമുടികെട്ടുമേന്തി കാട്ടിനുള്ളിലൂടെ ദീര്‍ഘദൂരം നടന്ന് നേടുന്ന ദര്‍ശന സൌഭാഗ്യം മാത്രമല്ല ശബരിമലയുടെ പുണ്യം. ഈ ദീര്‍ഘയാത്രയിലൂടെ മനസ്സും ശരീരവും സ്ഫുടം ചെയ്ത് ഓരോ ഭക്തനുമറിയുന്നത്, അഹം ബ്രഹ്മാസ്‌മി എന്ന വേദജ്ഞാനമാണ്.
ശ്രീകോവിലിന്നകത്ത് കുടി കൊള്ളുന്ന ഭഗവല്‍രൂപത്തെയും പുറത്ത് പ്രാര്‍ത്ഥന നിരതനായിരിക്കുന്ന ഭക്തനെയും അയ്യപ്പന്‍ എന്ന ഒരേ നാമത്തില്‍ വിളിക്കപ്പെടുന്ന അപൂര്‍വ വേദിയാണ് ശബരിമല. മനുഷ്യനെ ദൈവത്തോളമുയര്‍ത്തുന്ന പുണ്യസ്ഥാനം. അഥവാ, മനുഷ്യനിലെ ദൈവത്തെ അംഗീകരിക്കുന്ന ദേവസ്ഥാനം.
കണ്ണിലും മനസ്സിലും അയ്യപ്പന്‍ നിറയുമ്പോള്‍ ഓരോ ഭക്തനും സ്വയം അയ്യപ്പനായി മാറുന്നു. മാത്രമല്ല, അടുത്തു നില്‍ക്കുന്ന എല്ലാ ഭക്തരും അയ്യപ്പന്റെ തന്നെ പ്രതിരൂപങ്ങള്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഈ അനിര്‍വചനീയമായ അനുഭൂതിക്കൊപ്പം ഓരോ അയ്യപ്പനിലും നിറയേണ്ട ഉത്തരവാദിത്തമുണ്ട്. ഒരു പക്ഷേ, നാം എന്നും മറന്നു പോകുന്ന ഒരു യാഥാര്‍ത്ഥ്യം.
ഒരു വര്‍ഷം ശരാശരി 150 ലക്ഷത്തില്‍പരം ഭക്തന്മാര്‍ ശബരിമലയില്‍ എത്തുന്നു എന്നാണ് കണക്ക്. അതില്‍ ഭൂരിപക്ഷം തീര്‍ത്ഥാടകരും എത്തുന്നത് രണ്ട് മാസക്കാലത്തെ മണ്ഡല മകരവിളക്ക് കാലത്താണ്. ഇവരില്‍ ഒരു അയ്യപ്പന്‍ ഭക്ഷണത്തിന്റെയും വഴിപാടിന്റെയും മറ്റു സാധനങ്ങളുടെയും വെറും 500 ഗ്രാം അവശിഷ്‌ടം ശബരിമലയില്‍ ഉപേക്ഷിച്ചാല്‍ തന്നെ ഉണ്ടാകുന്ന മൊത്തം മാലിന്യത്തിന്റെ അളവ് ഊഹിക്കവുന്നതിലും അപ്പുറമാണ്. എന്നാല്‍, അതാണ് ആത്മജ്ഞാനത്തിന്റെ പൂങ്കാവനമായ ശബരിമല വര്‍ഷങ്ങളായി അനുഭവിക്കുന്നത്.
ശബരിമലയെ കീഴടക്കുന്ന മാലിന്യത്തിന്റെ മുക്കാലും പ്ലാസ്റ്റിക്കാണെന്ന തിരിച്ചറിവ് ശരിക്കും ഞെട്ടിക്കുന്നതാണ്. അത് ശബരീശന്റെ പൂങ്കാവനത്തിലെ ജീവജാലങ്ങളെ കൊന്നൊടുക്കുക മാത്രമല്ല, പ്രകൃതിയെ ഇനി തിരിച്ചു കിട്ടാത്തവണ്ണം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍, ഇവിടെ ഇതു തടഞ്ഞില്ലെങ്കില്‍ നമ്മുടെ കണ്ണിന്റെ മുന്നില്‍ ശബരിമല നശിക്കും.
ഭക്തിക്കൊപ്പം പോകുന്നതാണ് വൃത്തി. യഥാര്‍ത്ഥ ഭക്തിയുള്ളിടത്ത് വൃത്തിയുമുണ്ടാകും. ഈശ്വരചൈതന്യമുണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരിടത്ത് ഒരിക്കലും മാലിന്യം ഉപേക്ഷിക്കാന്‍ നമുക്ക് കഴിയില്ല. മാത്രമല്ല, നമ്മുടെ മാലിന്യം ദേവചൈതന്യമുള്ള മറ്റൊരു വ്യക്തി എടുത്തു മാറ്റുമെന്നും കരുതാന്‍ വയ്യ. മനസ്സിനും ശരീരത്തിനും വ്രതശുദ്ധി വന്ന അയ്യപ്പന്‍ നടക്കുന്ന വഴികളില്‍ മാലിന്യമല്ല, നന്മയുടെ വിത്തുകളാവും പാകിയിട്ടു പോവുക.
ശബരിമലയുടെ പരിശുദ്ധി തിരിച്ചു കൊണ്ടുവരാനും അത് നിലനിറുത്താനുമാണ് 2011ല്‍ പുണ്യം പൂങ്കാവനം എന്ന പദ്ധതി വിഭാവനം ചെയ്തത്.
പുണ്യം പൂങ്കാവനം
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളായ പൊലീസ്, ദേവസ്വം, അരോഗ്യം, അഗ്നിശമന സേന ഒപ്പം സന്നദ്ധസംഘടനകളായ അയ്യപ്പ സേവാസംഘം, അയ്യപ്പസേവാ സമാജം, അയ്യപ്പ ഭക്തര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്‌മയാണിത്.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ശബരിമലയിലെ പരിപാവനത കാത്തുസൂക്ഷിക്കാന്‍ ഈ പദ്ധതി വഴി കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം മുഴുകുന്നവരുടെ ആത്മവീര്യം കൂട്ടാനും പദ്ധതിക്കു കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല.
കേരള ഹൈക്കോടതി 2011നു ആറില്‍പരം വിധി ന്യായങ്ങളിലായി ഈ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കുകയും സര്‍ക്കാരിനോടും ദേവസ്വം, പൊലീസ് വകുപ്പുകളോടും ഭക്തജനങ്ങളോടും ഈ പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.
ശബരിമല തന്ത്രിയും മേല്‍ശാന്തിമാരും മാത്രമല്ല, ജഡ്‌ജിമാര്‍, രാഷ്‌ട്രീയ നേതാക്കന്മാര്‍, സിനിമാ താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റു പൌര പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലായി പുണ്യം പൂങ്കാവനം പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതു ഒരു കൂട്ടായ യജ്ഞമാണ്, ശബരിമലയുടെ തനത് വിശുദ്ധി നിലനിറുത്താനുള്ള യജ്ഞം ഉത്തരവാദിത്തത്തോടും ബോധപൂര്‍വ്വവുമായ തീര്‍ത്ഥാടനമാണ് കാനനവാസനായ ശ്രീ ധര്‍മ്മശാസ്താവിനു പ്രിയം എന്നു ഓരോ അയ്യപ്പനെയും മനസ്സിലാക്കി വരും തലമുറയ്ക്കായി ഈ പൂങ്കാവനം കാത്തു സൂക്ഷിക്കുക എന്നതു മാത്രമാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
പുണ്യം പൂങ്കാവനം പദ്ധതിയില്‍ പങ്കാളിയാകൂ...
ശബരിമലയുടെ വിശുദ്ധി കാത്തു സൂക്ഷിക്കൂ...
വ്രതനിഷ്‌ഠയോടെ മല ചവിട്ടുന്ന ഓരോ അയ്യപ്പനും പാലിക്കേണ്ട സപ്‌തകര്‍മ്മങ്ങള്‍ ഇവയാണ്.
സപ്‌തകര്‍മ്മങ്ങള്‍
1. അയ്യപ്പന്റെ പൂങ്കാവനത്തിലെത്തുന്ന ഓരോ അയ്യപ്പനും പൂങ്കാവനത്തിന്റെ പരിശുദ്ധിയെയും നിലനില്പിനെയും ബാധിക്കുന്ന ഒരു വസ്തുവും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് വരുന്നില്ല എന്ന് സ്വയം ഉറപ്പു വരുത്തുക.
2. തീര്‍ത്ഥാടന വേളയില്‍ അവശേഷിക്കപ്പെടുന്ന വസ്തുക്കള്‍ ശബരീവനത്തില്‍ വലിച്ചെറിയാതെ ഒപ്പം തിരികെ കൊണ്ടു പോകുക.
3. ശബരിമലയിലെത്തുന്ന ഓരോ അയ്യപ്പനും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സന്നിധാനവും പരിസരവും വൃത്തിയാക്കുവാന്‍ സന്നദ്ധസേവനം ചെയ്ത് യഥാര്‍ത്ഥ അയ്യപ്പസേവയില്‍ പങ്കാളിയാകുക.
4. പുണ്യനദിയായ പമ്പയെ പാപനാശിനിയായി കാത്തു സൂക്ഷിക്കുക. ഈ തീര്‍ത്ഥ നദിയില്‍ കുളിക്കുമ്പോള്‍ സോപ്പ്, എണ്ണ തുടങ്ങിയവ ഉപയോഗിക്കരുത്. മടക്ക യാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്.
5. ശൌചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ വൃത്തിയാക്കി സൂക്ഷിക്കാനും തീര്‍ത്ഥാടനപാതയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുകയും ചെയ്യുക/
6. കതിനമായ വ്രതനിഷ്‌ഠയോടെയാണ് ഓരോ അയ്യപ്പനും മല ചവിട്ടുന്നത്. അതുകൊണ്ടു തന്നെ ഭഗവത് സന്നിധിയിലെത്താന്‍ എല്ലാവര്‍ക്കും ഒരേ അവകാശമാണ്. അനാവശ്യമായി തിക്കും തിരക്കും കാണിക്കാതെ വരിയില്‍ ഊഴം കാത്തു നില്‍ക്കേണ്ടതാണ്.
7. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാ ഭക്തജനങ്ങളിലും എത്തിക്കുകയും തങ്ങളാലാവും വിധത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുക.
ശബരീശന്റെ നടയില്‍ തെളിഞ്ഞ ആത്മജ്ഞാനത്തിന്റെ പ്രകാശം ബാക്കിയുള്ളിടത്തും എത്തിക്കേണ്ട സമയമായി. അതിനാണ് ഇനി പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍.
പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ നിന്നും ബോധ്യമായ വസ്തുത സന്നിധാനത്തോ പമ്പാതീരത്തു വെച്ചോ ബോധവത്കരണം നടത്തി പുണ്യം പൂങ്കാവനം പദ്ധതി പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുക പ്രയാസകരമാണ്. അയ്യപ്പന്മാര്‍ മാലയിടുന്ന, ശരണം വിളിക്കുന്ന ഇരുമുടിക്കെട്ട് നിറയ്ക്കുന്ന ക്ഷേത്രങ്ങളിലോ, ഭജനമഠങ്ങളിലോ വെച്ച് തന്നെ ശബരിമല തീര്‍ത്ഥാടനത്തിന്റെ മാഹാത്മ്യത്തെയും സപ്തകര്‍മ്മങ്ങളെക്കുറിച്ചും അയ്യപ്പന്മാരെ ബോധവത്കരിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമായിരിക്കുക. ഈ വസ്തുത ബോധ്യപ്പെട്ടതിനാലാണ് പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ആരംഭിക്കുവാന്‍ തീരുമാനിച്ചത്.
ഉത്തരവാദിത്തത്തോടും ബോധപൂര്‍വ്വമായതുമായ തീര്‍ത്ഥാടനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നുള്ളത് പുണ്യം പൂങ്കാവനം പ്രാദേശിക കേന്ദ്രങ്ങളുടെ ചുമതലയാണ്. ശബരിമലയിലേക്ക് വരുന്ന ഓരോ അയ്യപ്പഭക്തനും വര്‍ജിക്കേണ്ടതായ കാര്യങ്ങള്‍ അയ്യപ്പഭക്തരിലേക്ക് എത്തിക്കേണ്ടതാണ്. ഈ കേന്ദ്രത്തിലെ സേവന സന്നദ്ധരായ അംഗങ്ങള്‍ അയ്യപ്പസേവകര്‍ എന്ന് അറിയപ്പെടും. പുണ്യം പൂങ്കാവനം പദ്ധതിയുടെ മേഖല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയും ശബരിമലയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന പുണ്യം പൂങ്കാവനം കേന്ദ്ര നേതൃത്വവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട ചുമതലയും പ്രാദേശികകേന്ദ്രങ്ങള്‍ക്കുണ്ട്.
പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
1. ആഴ്ചയിലൊരിക്കല്‍ അതാത് ക്ഷേത്രങ്ങളും പരിസരങ്ങളും ശുചിയാക്കുന്നതിലേക്ക് ശ്രമദാനം സംഘടിപ്പിക്കുക.
2. ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാരമര്യാദകളെക്കുറിച്ച് അയ്യപ്പഭക്തരെ ബോധവത്കരിക്കുക. അനാചാരങ്ങള്‍ ഒഴിവാക്കുക.
3. ശ്രേഷ്‌ഠമായ ആത്മീയാചാര്യന്മാരെയും മറ്റ് പ്രമുഖരിലൂടെയും ഭക്തരില്‍ ശുചിത്വമാണ് ദൈവികത എന്ന സത്യം മനസ്സിലാക്കിപ്പിക്കുക.
4. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശ്യലക്‌ഷ്യത്തെക്കുറിച്ചും ആയതിലേക്കുള്ള വ്രതമനുഷ്‌ഠിക്കുമ്പോഴും തീര്‍ത്ഥാടനസമയത്തും പാലിക്കേണ്ട നിഷ്‌ഠകളെക്കുറിച്ചും ഭക്തരെ ബോധവത്കരിക്കുക.
5. ശബരിമലയ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോള്‍ സന്നിധാനത്തെ മലിനമാക്കാനിടയുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പാക്കുക.
6. സന്നിധാനത്തെത്തുന്ന ഗുരുസ്വാമികളെ ഉള്‍പ്പെടുത്തി പുണ്യം പൂങ്കാവനം പദ്ധതിയുടെ സപ്തകര്‍മ്മങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി ഭക്തരെ ബോധവത്കരിക്കുക.
7. സന്നിധാനവും പരിസരപ്രദേശങ്ങളായ എരുമേലി, നിലയ്ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളും ശുചിയാക്കാന്‍ സ്വയം തയ്യാറാകാന്‍ ഭക്തരെ പ്രേരിപ്പിക്കുക.
8. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടെ നട തുറക്കല്‍, നട അടയ്ക്കല്‍, ക്യൂ നിലവാരം വഴിപാട് വിവരം, പൊലീസ് സംവിധാനം ദേവസ്വം ആരോഗ്യം താമസസൌകര്യം അയ്യപ്പസേവാസംഘം തുടങ്ങിയ സംവിധാനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്കുക.
പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെ ഭരണസംവിധാനം
1. ഓരോ പുണ്യം പൂങ്കാവനം കേന്ദ്രവും അഞ്ച് എക്സിക്യുട്ടീവ് അംഗങ്ങള്‍ അടങ്ങിയതും അവരില്‍ പ്രത്യേകിച്ചും ക്ഷേത്ര മുഖ്യതന്ത്രി, അമ്പലക്കമ്മിറ്റിയിലെയോ ഭരണസമിതിയിലെയോ രണ്ട് മുഖ്യ ഭാരവാഹി, ഒരു മുതിര്‍ന്ന ഗുരുസ്വാമി, കൂടാതെ അമ്പലവുമായി ബന്ധപ്പെട്ട ഒരു ശ്രേഷ്‌ഠവ്യക്തി എന്നിവര്‍ ഉണ്ടായിരിക്കണം. എല്ലാ അയ്യപ്പഭക്തരും ജനറല്‍ ബോഡി അംഗങ്ങളായിരിക്കും.
2. അമ്പലക്കമ്മിറ്റിയുടെ രക്ഷാധികാരിയും ബന്ധപ്പെട്ട പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെ പ്രസിഡന്റും ക്ഷേത്ര മുഖ്യതന്ത്രിയായിരിക്കും.
3. ഓരോ പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അതാത് ജില്ലാ കമ്മിറ്റി വിലയിരുത്തും.
4. പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെ എക്സിക്യുട്ടിവ് യോഗം മാസത്തിലൊരിക്കല്‍ നടത്തും. പ്രസ്തുത യോഗത്തില്‍ പദ്ധതി നടപ്പിലാക്കിയത് സംബന്ധിച്ച പുരോഗതി വിലയിരുത്തും. മീറ്റിംഗ് മിനിറ്റ്‌സിന്റെ കോപ്പി ജില്ല കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും അയച്ചു കൊടുക്കും.
5. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ദേശ്യലക്‌ഷ്യങ്ങളും സപ്‌തകര്‍മ്മങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ (പ്ലാസ്റ്റിക്, ഫ്ലക്‌സുകളല്ലാത്ത) ക്ഷേത്രപരിസരത്ത് വയ്ക്കുക.
6. ജനറല്‍ബോഡി യോഗം ആറു മാസത്തിലൊരിക്കല്‍ സംഘടിപ്പിക്കേണ്ടതാണ്. ആയത് ഓരോ വര്‍ഷവും നവംബര്‍ 10ന് മുമ്പ് വീഴ്ച കൂടാതെ നടത്തേണ്ടതാണ്.
ഓരോ അയ്യപ്പനും ചോദിക്കേണ്ട മൂന്നു ചോദ്യങ്ങള്‍
1. ഓരോ അണുവിലും ദൈവചതന്യം തുടിക്കുന്ന പൂങ്കാവനം മലിനമാക്കാന്‍ സ്വയം അയ്യപ്പനായി മാറിയ ഒരാള്‍ക്ക് കഴിയുമോ ?
2. തന്നെപ്പോലെ തന്നെ ദൈവസാന്നിദ്ധ്യമുള്‍ക്കൊള്ളുന്ന മറ്റൊരു അയ്യപ്പനെക്കൊണ്ട് തന്റെ ഉച്‌ഛിഷ്‌ടം വാരിക്കുന്നത് ശരിയാണോ ?
3. സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ഭഗവാന്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുമെങ്കില്‍ അയ്യപ്പന്മാരുടെ ഓരോ പ്രവൃത്തിയും കാണുന്നില്ലേ ?
ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരത്തിലൂടെ ആകട്ടെ അയ്യപ്പ സവിധത്തിലേക്കുള്ള നമ്മുടെ അടുത്ത യാത്ര. കാരണം, ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്.
പി വിജയന്‍ ഐ പി എസ്
ചീഫ് കോ - ഓര്‍ഡിനേറ്റര്‍
പുണ്യം പൂങ്കാവനം പദ്ധതി, ശബരിമല