ശബരിമല 18-ആം പടി: പുനഃപ്രതിഷ്ഠ 16ന്

പത്തനംതിട്ട| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2015 (12:21 IST)
ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 18 ആം പടിയില്‍ പുതുതായി പഞ്ചലോഹം പൊതിഞ്ഞ് പുനഃപ്രതിഷ്ഠ നടത്തുന്നതിന്
15 ന് (വ്യാഴാഴ്ച) വൈകുന്നേരം അഞ്ചിന് നട തുറക്കും. 16ന് രാവിലെ അഭിഷേകവും ഗണപതി ഹോമവും കഴിഞ്ഞ് 10 നും 10.30 നും മധ്യേയുള്ള ശുഭമൂഹൂര്‍ത്തത്തില്‍ 18-ആം പടിയുടെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്തും.

16ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടയടക്കും. തുടര്‍ന്ന് തുലാമാസ പൂജകള്‍ക്കായി 17 ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുലാം ഒന്നു മുതല്‍ അഞ്ചുവരെ (ഒക്ടോബര്‍ 18 മുതല്‍ 22 വരെ) പതിവു പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും.

ഈ അഞ്ചു ദിവസങ്ങളിലും നെയ്യഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം എന്നിവ നടത്താം. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 22 ന് രാത്രി 10 ന് നടയടക്കും.

ചിത്തിര ആട്ട വിശേഷത്തിനായി നവംബര്‍ ഒന്‍പതിന് വീണ്ടും നടതുറക്കും. നവംബര്‍ 10 നാണ് ചിത്തിര ആട്ട വിശേഷം. ഒക്ടോബര്‍ 18 ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് സന്നിധാനത്ത് വച്ച് നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :