ശബരിമലയിലെ വ്യാപാരികള്‍ക്ക് ലേല കാലാവധി നീട്ടി നല്‍കണം: സെക്രട്ടറിയേറ്റിനുമുന്നില്‍ വ്യാപാരികളുടെ സമരം ഇന്ന്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 21 ഒക്‌ടോബര്‍ 2020 (08:17 IST)
നിലക്കല്‍ മുതല്‍ സന്നിധാനം വരെ 250 ല്‍ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020
തീര്‍ത്ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്. വ്യാപാര നഷ്ടം മൂലം വ്യാപാരികള്‍ കടക്കെണിയിലായി കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്‍ക്കാന്‍ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലും നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യാ വക്കിലാണ്.

2020-2021 വര്‍ഷത്തെ തീര്‍ത്ഥാടന കാലത്ത് 1000 പേര്‍ക്ക് മാത്രമേ പ്രവേശനാനുമതി നല്‍കൂ എന്നു ബോര്‍ഡിന്റെ തീരുമാനം ഉണ്ട്. ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇ-ടെന്‍ഡര്‍ നടപടികളില്‍ നിന്നും പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി
കരാര്‍ നീട്ടി നല്‍കണമെന്ന നിവേദനം സമര്‍പ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല യൂണിറ്റ് ഭാരവാഹികള്‍ ഇന്ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണ നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :