ശബരിമലയിലെ സ്ത്രീപ്രവേശനം; സർക്കാർ കോടതിയിലേക്ക്, ലോങ് മാർച്ചിനൊരുങ്ങി ബിജെപി

അപർണ| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (08:16 IST)
ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. സ്ത്രീപ്രവേശത്തിന് ഉത്തരവാദി കേരളസർക്കാരാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടുതന്നെ രംഗത്തെത്തി.

സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വിധി നടപ്പാക്കുമെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയം കൂടുതൽ സങ്കീർണമാവുകയാണ്. വിഷയത്തിൽ സർക്കാരിനെതിരെയാണ് ബി.ജെ.പി.യും രാഷ്ട്രീയസംഘടനകളും സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.

പന്തളത്തുനിന്നുള്ള ലോങ് മാർച്ച് അടക്കമുള്ള സമരപരിപാടികളാണ് ബിജെപി അടക്കമുള്ളവർ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെ വളരെ ഗൌരവപൂർവ്വമാണ് സർക്കാർ കാണുന്നത്. വിശ്വാസികളെ കൂട്ടി വിധി നടപ്പാക്കുന്നത് പ്രതിരോധിക്കുമെന്ന് ബി.ജെ.പി. അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പ്രഖ്യാപിക്കുകയും സംഘപരിവാർ സംഘടനകൾ പ്രതിഷേധസ്വരം കടുപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

സമരത്തിന്റെ പേരിലുള്ള അക്രമം കോടതിയെ അറിയിച്ച് പ്രതിരോധനീക്കം നടത്താനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. ഇതിലൂടെ വിധി നടപ്പാക്കുമ്പോഴുണ്ടായേക്കാവുന്ന പ്രതിസന്ധികൾ എന്തെല്ലാമാണെന്ന് കോടതിയെ അറിയിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :