ആത്മാഭിമാനമുള്ളവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ല: കോവൂര്‍ കുഞ്ഞുമോന്‍

  ആര്‍എസ്പി ,കോവൂർ കുഞ്ഞുമോൻ ,  സോളർ തട്ടിപ്പ് കേസ് , ബാർ കോഴക്കേസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 28 ജനുവരി 2016 (14:08 IST)
ആത്മാഭിമാനമുള്ളവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ സാധിക്കില്ലെന്ന് എംഎല്‍എ സ്ഥാനം രാജിവെച്ച കോവൂര്‍ കുഞ്ഞുമോന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി മുന്നണിയായി മാറിയിരിക്കുന്നു. യുഡിഎഫിന്‍്റെ ഇപ്പോഴുള്ള പോക്ക് നല്ലതല്ല എന്ന് മനസ്സിലായ സാഹചര്യത്തിലാണ് രാജി സമര്‍പ്പിച്ചത്. ഇനി ഇടതുമുന്നണിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആയിരക്കണക്കിന് ആര്‍ എസ് പി പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് എത്തും. യുഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കശുവണ്ടി തൊഴിലാളികളുടെ ജീവിതം നശിക്കുകയാണ്. മാസങ്ങളായി തൊഴിലാളികള്‍ കണ്ണീര്‍ കടലിലാണ്. പലതവണ ഇവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്‍്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

കാട്ടാക്കടയില്‍ സ്പീക്കറെ നേരിട്ട് കണ്ടാണ് ആര്‍എസ്പിയുടെ കുന്നത്തൂര്‍ എംഎല്‍എ കൂടിയായിരുന്ന രാജിവെച്ചത്. രാജിവെക്കുന്നതായി വ്യക്തമാക്കി സ്‌പീക്കര്‍ക്ക് രാജിക്കത്ത് അദ്ദേഹം കൈമാറുകയായിരുന്നു.

കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എല്‍ഡിഎഫിലേയ്ക്ക് പോകുമെന്ന് അദ്ദേഹം രാജിക്ക് ശേഷം വ്യക്തമാക്കി.
ആര്‍എസ്പി യുഡിഎഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി കുഞ്ഞുമോന്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കുഞ്ഞുമോന്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :