കോവളം|
സജിത്ത്|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (12:24 IST)
ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലഹരിരഹിത കാമ്പസ് പ്രവര്‍ത്തനവും കലോത്സവവും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം കുട്ടികളോട് ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ക്ളാസില്‍ ടീച്ചറെ നോക്കുന്നതോ എന്നതായിരുന്നു അടുത്ത ചോദ്യം. അത്തരമൊരു നോട്ടത്തിന് ടീച്ചര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസ് എടുക്കാമെന്നും ഒരു വാഗ്വാദത്തിനു താന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വീട്ടില്‍ അമ്മയോ സഹോദരിയോ ഉണ്ടെങ്കില്‍ എന്താണ് ദുരുദ്ദേശ്യത്തോടെയുള്ള നോട്ടമെന്ന് വ്യക്തമാക്കിതരുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചെലവാക്കുന്ന സമയം കുട്ടികള്‍ വായനക്കായി മാറ്റിവക്കണം. പ്രദേശത്ത് എവിടെയെങ്കിലും ലഹരി മരുന്ന് മാഫിയയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ അത് ധൈര്യമായി തന്നെ അറിയിക്കണമെന്നും സിങ് കുട്ടികളോട് പറഞ്ഞു. സ്കൂളിനകത്തെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുട്ടികളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.