അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (18:19 IST)
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ. വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്
ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ്.കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് ആ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ കനത്ത
മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലും പൂനെയിലും
കൊങ്കന്‍ മേഖലയിലും മഴ തുടരുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ട്രെയിനുകള്‍ റദ്ദാക്കി. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും അടുത്ത മൂന്ന് ദിവസം കൂടി പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.