അറിയിപ്പ്: മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി

മസ്റ്ററിങ്ങിനായി റേഷന്‍ കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു

Ration Shop
Ration Shop
രേണുക വേണു| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (14:52 IST)

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിയമസഭയെ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ.ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുളള ഇ-പോസ് മെഷീന്‍ മുഖാന്തിരം 2024 സെപ്റ്റംബര്‍ മാസം 18-ാം തീയതി ആരംഭിച്ച് ഒക്ടോബര്‍ 8-ാം തിയതി അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ എട്ടാം തിയതി വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ
അപ്‌ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാര്‍ഡിലെ 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

19,84,134 AAY(മഞ്ഞ) കാര്‍ഡ് അംഗങ്ങളില്‍ 16,09,794 പേരും (81.13%) 1,33,92,566 PHH (പിങ്ക്) കാര്‍ഡ് അംഗങ്ങളില്‍ 1,06,59,651 പേരും (79.59%) മസ്റ്ററിംഗ് പൂര്‍ത്തിയാക്കി.

മസ്റ്ററിങ്ങിനായി റേഷന്‍ കടകളില്‍ എത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് അപ്‌ഡേഷന്‍ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :