വിഴിഞ്ഞം ആഴക്കടലില്‍ അപൂര്‍വ്വയിനം ഒച്ചുകള്‍

നാല് അപൂര്‍വയിനം ഒച്ചുകളെ വിഴിഞ്ഞം ആഴക്കടലില്‍ കണ്ടെത്തി

തിരുവനന്തപുരം| priyanka| Last Modified വ്യാഴം, 28 ജൂലൈ 2016 (14:15 IST)
ഇന്ത്യയില്‍ ഇതുവരെ കാണപ്പെടാത്ത നാല് അപൂര്‍വ്വയിനം കടല്‍ ഒച്ചുകളെ വിഴിഞ്ഞം ആഴക്കടലില്‍ കണ്ടെത്തി. കോവളം മുതല്‍ വിഴിഞ്ഞം മുല്ലൂര്‍ വരെയുള്ള കടലിന്റെ അടിത്തട്ടിലെ കടല്‍പുറ്റുകളിലാണ് ഇവയെ കണ്ടത്തെിയത്. തദ്ദേശീയ സമുദ്രഗവേഷകനും ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് ചീഫ് കോഓഡിനേറ്ററുമായ റോബര്‍ട്ട് പനിപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടത്തെിയത്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഗ്‌ളോസോഡോറിസ്രുഫോമാക്കുലറ്റസ്, ഗോണിയോബ്രാങ്കസ്അനുലാറ്റസ്, ഹെപ്‌സലോഡോറിസ്‌നിഗ്രോസ്ട്രായറ്റ, ഹോപ്ലോഡോറിസ്ഫ്‌ളാമിയ എന്നീ ജാതിയില്‍പെട്ട കടല്‍ ഒച്ചുകളാണ് ഇത്. തോടില്ലാത്ത ഈ കടല്‍ ഒച്ചുകള്‍ സ്വയം പ്രതിരോധത്തിന് രാസവസ്തുക്കളെയാണ് ഉപയോഗിക്കുന്നത്. ഇത്തരം രാസവസ്തുക്കള്‍ അര്‍ബുദ പ്രതിരോധ മരുന്നുകളുടെ ഉല്‍പാദനത്തില്‍ അടക്കം ഉപയോഗിക്കുന്നതാണെന്ന് കേരള സര്‍വകലാശാല അക്വാട്ടിക് വകുപ്പ് മേധാവി ഡോ. എ ബിജുകുമാര്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിനായി നിര്‍മാണക്കമ്പനി കടലിനടിയില്‍ നടത്തിയ ഡ്രഡ്ജിങ്ങില്‍ ഇവയുടെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടിയേക്കുമെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കടല്‍പുറ്റുകളും പവിഴപ്പുറ്റുകളും സംരക്ഷിക്കാന്‍ രാജ്യത്തെ ബാധ്യസ്ഥമാക്കുന്ന ജൈവവൈവിധ്യ കണ്‍വെന്‍ഷനില്‍ (സി.ബി.ഡി) ഇന്ത്യ 1994ല്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഇത്തരം അപൂര്‍വ ജൈവവ്യവസ്ഥ സംരക്ഷിക്കാന്‍ നടപടി കൈക്കൊള്ളുന്നില്‌ളെന്ന ആക്ഷേപം ശാസ്ത്രജ്ഞര്‍ക്കുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :