എ.കെ.ജെ.അയ്യര്‍|
Last Modified ശനി, 18 ഫെബ്രുവരി 2023 (21:18 IST)
തിരുവനന്തപുരം: ഒമ്പതുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 66 കാരന് കോടതി ഏഴു വര്‍ഷത്തെ കഠിനതടവിനും 25000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം കേരളആദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്.
പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണം. 2014 ജനുവരി രണ്ടാം തീയതി വെളുപ്പിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മുത്തശ്ശനും മുത്താസിക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ മുത്തശ്ശന് നെഞ്ചുവേദനയെ തുടര്‍ന്ന് അയല്‍ക്കാരനായ പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടായിരുന്നു ഇവര്‍ ആശുപത്രിയില്‍ പോയത്. കൂടെപ്പോയ പ്രതി പിന്നീട് മടങ്ങിവന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ആ സമയം കുട്ടി മൂന്നാം ക്ലാസില്‍ ആയിരുന്നു. ഭയന്ന് പോയ കുട്ടി സംഭവം ആരോടും പറഞ്ഞില്ല.
എന്നാല്‍ പിന്നീട് കുട്ടി പീഡനത്തെ സംബന്ധിച്ച് ഒരു വീഡിയോ കണ്ടതോടെയാണ് കാര്യം മനസിലാക്കിയത്. കുട്ടിയുടെ മനോനില തകരാറിലായിരുന്നു. പിന്നീട് കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിന്നിലാവുകയും തുടര്‍ന്ന് അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും. മണ്ണന്തല സി.ഐ ആയിരുന്ന ജി.പി.സജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.