തിരുവനന്തപുരം|
jibin|
Last Updated:
വ്യാഴം, 26 മെയ് 2016 (16:31 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ ഉന്നത പദവികള്‍ ലക്ഷ്യമാക്കി ചരടുവലിക്കുന്ന രമേശ് ചെന്നിത്തലയുടെ മോഹങ്ങള്‍ പൂവണിയാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ ഞായറാഴച
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഭരണം പോയതിന്റെ നാണക്കേട് കോണ്‍ഗ്രസിനെ വിഴുങ്ങിയ സാഹചര്യത്തിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ പേരില്‍ പാര്‍ട്ടിയില്‍ കലഹം വേണ്ട എന്നാണ് എല്ലാവരുടെയും ആഗ്രഹം. മത്സരം ഉണ്ടാകാതെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാണ് തീരുമാനം. ഉമ്മന്‍ ചാണ്ടി പിന്മാറി സാഹചര്യത്തില്‍
രമേശ് ചെന്നിത്തല ആ സ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹത്തോടെ എ ഗ്രൂപ്പ് അടിക്കളികള്‍ നടത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഹൈക്കമാന്‍ഡ് പ്രതിനിധികളായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഗുലാംനബി ആസാദും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്കും സംസ്ഥാനത്ത് എത്തുമെങ്കിലും
പരസ്പരം ചെളിവാരിയെറിഞ്ഞ് ഗ്രൂപ്പുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൊവ്വാഴ്ച നിയമസഭാകക്ഷിയോഗം ചേര്‍ന്ന് പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനാണു നീക്കം. എന്നാല്‍ ഉമ്മന്‍ ചാണ്ടി പിന്മാറിയാലും അദ്ദേഹത്തോടൊപ്പമുള്ളവര്‍ അത് അംഗീകരിക്കാനിടയില്ല.
വീണുകിട്ടിയ പ്രതിപക്ഷനേതൃസ്ഥാനം വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പും തയാറല്ല. ഇപ്പോള്‍ ഈ സ്ഥാനം ഏറ്റെടുത്താലേ ഭാവിയില്‍ രമേശിന് ഭരണനേതൃത്വത്തില്‍ എത്താന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വേണ്ടിയുള്ള സമ്മര്‍ദം ശക്തമായുണ്ടാകും. പക്ഷേ ഇതിന്റെ പേരില്‍ തര്‍ക്കത്തിന് രമേശ് തയാറാകില്ല.
തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ കരുത്തായി കൂടെയുണ്ടായിരുന്നവര്‍ പരാജയപ്പെട്ടത് ഐ ഗ്രൂപ്പിന് സന്തോഷം പകരുന്ന കാര്യമാണ്. പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളായ വിഎസ് ശിവകുമാറും കെ മുരളീധരനും വിഡി സതീശനും ജയിച്ചുകയറിയപ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖരായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്, സ്പീക്കര്‍ എന്‍ ശക്തന് തുടങ്ങിയവര്‍ പരാജയപ്പെട്ടു.
വിശ്വസ്തനായ ടി സിദ്ദിഖ് കുന്നമംഗലത്ത് പരാജയപ്പെട്ടത് ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. അതേസമയം, മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കന്റെ തോല്‍വി ഐ ഗ്രൂപ്പിനും ക്ഷീണമായി. ഇതോടെയാണ് തീരുമനങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക് നീണ്ടത്.
കാര്യങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ കൊണ്ട് ഹൈക്കമാന്‍ഡില്‍ ഇടപെടലുകള്‍ നടത്താനാണ് ഉമ്മന്‍ ചാണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം,
കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കാന്‍ കെ പി സി സി പ്രസിഡന്റ് സുധീരനും ഇടപെടലുകള്‍ നടത്തുകയാണ്.