മദ്യമുതലാളിമാര്‍ സരിതയെ കൂട്ടുപിടിച്ച് പ്രവര്‍ത്തിക്കുന്നു: ചെന്നിത്തല

 രമേശ് ചെന്നിത്തല , ബാര്‍ കോഴ , സരിത എസ് നായര്‍ , സോളാര്‍ കെസ് , ആര്യാടന്‍ മുഹമ്മദ്
കൊച്ചി| jibin| Last Modified വ്യാഴം, 28 ജനുവരി 2016 (11:50 IST)
സർക്കാരിനെ ദുർബലപ്പെടുത്താന്‍ മദ്യമുതലാളിമാര്‍ സരിത എസ് നായരുമായി ചേര്‍ന്ന് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സോളാർ തട്ടിപ്പു കേസിലെ പ്രതിയായ സരിത പറഞ്ഞ കാര്യങ്ങള്‍ ജനം വിശ്വസിക്കില്ല. സ്ഥാപിത താൽപര്യക്കാരുടെ ആരോപണങ്ങൾക്ക് അതിന് അനുസരിച്ചുള്ള വില മാത്രമെ ജനം നൽകുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴയ്‌ക്ക് പിന്നില്‍ ഒന്നോ രണ്ടോ വ്യക്തികളല്ല ഒരു ലോബിയാണ്. ഇവര്‍ സരിതയെ കൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ്. മദ്യനയത്തിൽ എതിർപ്പുള്ളവരാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. സർക്കാരിനെ ദുർബലപ്പെടുത്തുകയാണ് മദ്യമുതലാളിമാർ ലക്ഷ്യമിടുന്നതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെ തളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കൈക്കൂലി നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതിനെ തള്ളി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തി. സരിതയുടെ ആരോപണങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിടും. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. മദ്യമുതലാളിമാരും സിപിഎമ്മുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ച് യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് കരുതുന്നതെങ്കില്‍ നടക്കില്ല. ഇതിലും വലിയ ആക്ഷേപങ്ങള്‍ ഉണ്ടായാലും അതിനെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായി നേരിടും. അതുകൊണ്ടാണ് ഈ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സ്പെഷല്‍ ആണെന്ന് താന്‍ പറഞ്ഞതെന്നും സുധീരന്‍ കോട്ടയത്ത്
വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :