ഹിന്ദി അടിച്ചേല്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (08:10 IST)
ഹിന്ദി അടിച്ചേല്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യവസായ- നിയമവകുപ്പുമന്ത്രി മന്ത്രി പി. രാജീവ് പറഞ്ഞു. ഭരണഘടനപ്രകാരം രാഷ്ട്രഭാഷയും പ്രാദേശിക ഭാഷയുമില്ല. ഹിന്ദി രാഷ്ട്രഭാഷയല്ല. രാഷ്ട്രഭാഷ എന്നാല്‍ ഒരു ജനതയെ ആകെ കോര്‍ത്തിണക്കുന്ന ഒന്നാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 344 നോക്കിയാല്‍ ഇന്ത്യയില്‍ പ്രാദേശിക ഭാഷ ഇല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എട്ടാം ഷെഡ്യൂളില്‍ പറയുന്നത് വ്യത്യസ്ത ഭാഷ എന്നാണ്. ആര്‍ട്ടിക്കിള്‍ 346 പ്രകാരം സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലായിരിക്കണം.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ഹിന്ദി ഉപയോഗിക്കണമെങ്കില്‍ ഇരുസംസ്ഥാനങ്ങളുടെയും സമ്മതം വേണം. ആര്‍ട്ടിക്കിള്‍ 348 പ്രകാരം ഇംഗ്ലീഷിലായിരിക്കണം പാര്‍ലമെന്റ്, ഹൈക്കോടതി ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ കത്തിടപാട് നടത്തേണ്ടത്.
ഭരണഘടനയില്‍ യൂണിയന്‍ ഗവണ്മെന്റ് എന്നാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ എന്നല്ല. ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഭരണഘടനയുടെ ഘടകവിരുദ്ധമായ പ്രയോഗത്താല്‍ നിങ്ങള്‍ക്ക് ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അതിനെതിരെയുള്ള ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കേണ്ടത് ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :