സംസ്ഥാനത്ത് വീണ്ടും മഴ കനത്തു, പരക്കെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (08:32 IST)
ഒരിടവേളക്കു
ശേഷം സംസ്ഥാനത്ത് വീണ്ടും കനത്തതൊടെ സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പൊര്‍ട്ട് ചെയ്തു. പല സ്ഥലങ്ങളും വെള്‍ലത്തിനടിയിലായി.
മഴ ഇപ്പൊഴും തുടരുന്നതിനാല്‍ മുമ്പത്തേ പോലെ തന്നെ ഇത്തവനയും വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കരുതുന്നു.

തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരാനാണ് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്തു ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടതാണു മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്നതിനു സാധ്യതയുണ്ട്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
കോഴിക്കോട് ജില്ലകളിലാണ് മഴക്കെടുതി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുവെ തെക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ മഴയില്‍ സംസ്ഥാനത്ത് പലേടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.


മഴയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഉഴമക്കലില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് തങ്കപ്പന്‍ ആശാരി(62) ആണു മരിച്ചത്. പെരിങ്ങമലയിലെ ആദിവാസി മേഖലയില്‍ വെള്ളം കയറി. വിതുര ബോണക്കാട് മേഖലയിലെ ഉള്‍വനത്തില്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ പോയ ഉദ്യോഗസ്ഥ സംഘം കാട്ടില്‍ കുടുങ്ങി.

മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാം തുറന്ന് വിടാന്‍ സാധ്യതയുണ്ട്. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടിഞ്ഞാര്‍ ബ്രൈമൂറില്‍ ആദിവാസി മേഖലയായ മങ്കയത്ത് മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ ഒരു വീട് ഒലിച്ചുപോയി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.


പത്തനംതിട്ട കോന്നി വെള്ളപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകള്‍ നിറഞ്ഞു കവിഞ്ഞു. പമ്പയിലും, അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോന്നി കൊക്കാത്തോട് വനംവകുപ്പിന്റെ ജോലിക്ക് പോയവര്‍ വനതതില്‍ അകപ്പെട്ടു. ഇവരെ ശനിയാഴ്ച പുലര്‍ച്ചയോടെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. തോട് നിറഞ്ഞതിനെ തുടര്‍ന്നാണ് കൊക്കാത്തോട് പ്രദേശം ഒറ്റപ്പെട്ടത്.

കൊല്ലം ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. മഴയെത്തുടര്‍ന്നു കൊല്ലം പോരുവഴി ഉരുമ്പുമടം കോളനിയിലെ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത അംഗന്‍വാടി കെട്ടിടത്തിലേക്കാണ് ഇവരെ മാറ്റിയത്. പുനലൂരില്‍ വീടു തകര്‍ന്നു. നിരവധി വീടുകളില്‍ വീടുകളില്‍ വെള്ളംകയറി. മഴക്കെടുതി നേരിടാന്‍ കൊല്ലത്ത് കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍- 0474-2794002, 2794004.

കനത്ത മഴയേ തുടര്‍ന്ന് കോഴിക്കൊട് താമരശേരി ചുരം ഒന്നാം വളവിലും തൊട്ടില്‍പ്പാലത്തിനടുത്ത് നാഗംപാറയിലും ഉരുള്‍പൊട്ടി. ഇതുമൂലം ഗതാഗത തടസവും വ്യാപകമയ കൃഷിനാശവുമുണ്ടായിട്ടുണ്ട്. മഴയും വെള്‍ലപ്പൊക്കവും തുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കേരള സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നാളെയും മറ്റന്നാളും നടത്താനിരുന്ന സമ്പര്‍ക്ക ക്ലാസുകള്‍ മാറ്റിവച്ചു. മഴയെത്തുടര്‍ന്നാണ് ക്ലാസുകള്‍ മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :