അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (16:52 IST)
രാജസ്ഥാനില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര
കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം ഇന്ന് മുതല്‍(തിങ്കളാഴ്ച) പിന്‍വാങ്ങി തുടങ്ങി. സാധാരണയില്‍ നിന്നും 8 ദിവസം വൈകിയാണ് ഇത്തവണ കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 15 ഓടെ കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ പൂര്‍ത്തിയാകും.
സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തില്‍ നിന്നും ആരംഭിച്ച് ജൂണ്‍ എട്ടോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് മണ്‍സൂണിന്റെ രീതി. അതേസമയം ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 29 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെടാനും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി ന്യൂനമര്‍ദ്ദമാകാനുമാണ് സാധ്യത.
തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഛത്തിസ്ഗഡിന് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തീരദേശ തമിഴ്‌നാടിന് മുകളിലും വടക്കന്‍ ഒഡീഷയ്ക്ക് മുകളിലുമായി 2 ചക്രവാതചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മിതമായ തോതില്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്. സെപ്റ്റംബര്‍ 28,29 തീയ്യതികള്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.