കര്‍ക്കിടകവാവു ബലി ഗംഗയില്‍ നടത്താന്‍ റയില്‍വേയുടെ സഹായം

കൊച്ചി| Last Modified വെള്ളി, 17 ജൂലൈ 2015 (20:06 IST)
ഇത്തവണ കര്‍ക്കിടക വാവു ബലി ഗംഗയില്‍
നടത്താന്‍ റയില്‍വേ സഹായിക്കും. പഞ്ചപുണ്യ യാത്രയിലൂടെയാണ് കര്‍ക്കിടക വാവു ബലി നടത്തുന്നവരെ ഓഗസ്റ്റ് 14 ന് അലഹബാദിലെ കാശീതീരത്തെത്തിക്കുക. 12 ദിവസം കൊണ്ട് ഹരിദ്വാര്‍, വാരാണസി, ഗയ, പുരി (കൊണാര്‍ക്ക്), രാമേശ്വരം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് റയില്‍വേയുടെ ഐ.ആര്‍.സി.റ്റി.സി തയ്യാറെടുത്തിരിക്കുന്നത്.

ഇതിനുള്ള പാക്കേജ് അനുസരിച്ച് ഒരാള്‍ക്ക് സ്ലീപ്പര്‍ - സ്റ്റാന്‍ഡേര്‍ഡ് നിരക്കായി 10,920 രൂപയാണ് ഈടാക്കുക. ഇതില്‍ യാത്രക്കൂലി, ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടും. തേഡ് എ.സി കംഫര്‍ട്ടിന് 23,640 രൂപയും സെക്കന്‍ഡ് എ.സി ഡീലക്സിന് 31,800 രൂപയുമാണ് ഈടാക്കുക.

തിരുവനന്തപുരത്തു നിന്ന് ഓഗസ്റ്റ് ഒമ്പതിനാണു ടൂറിസ്റ്റ് ട്രെയിന്‍ യാത്ര തിരിക്കുക. 20 നു മടങ്ങിയെത്തും വിധമാണു യാത്ര സജ്ജീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് കയറാവുന്നതാണ്.

സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് എല്‍.റ്റി.സി സൌകര്യവും ഇതനുസരിച്ച് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പ്പറേഷന്‍, റീജ്യണല്‍ ഓഫീസ്, എറണാകുളം (മൊബൈല്‍ ഫോണ്‍: 9746743045, 9567863242, 9567863241), തിരുവനന്തപുരം (9567863243, 9567862345), കോഴിക്കോട് (9746741216) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഐ ആര്‍ ടി സിയുടെ ടൂറിസം വെബ്സൈറ്റിലും ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :