രേണുക വേണു|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (09:30 IST)
Rahul Mamkootathil: ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണമായി കൈവിട്ട് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനു പ്രതിരോധം തീര്‍ക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നാണ് ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പോലും രാഹുലിനെ പൂര്‍ണമായി തള്ളാന്‍ നിര്‍ബന്ധിതനായി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതായി കാണിച്ച് സതീശന്‍ സ്പീക്കര്‍ എ.എന്‍.ഷംസീറിനു കത്ത് നല്‍കും. രാഹുല്‍ ഇനി കോണ്‍ഗ്രസ് എംഎല്‍എ ആയിരിക്കില്ല. സ്വതന്ത്ര അംഗം എന്ന നിലയില്‍ നിയമസഭയിലെത്താം. സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. സഭയില്‍ വരുന്നതില്‍ രാഹുല്‍ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എംഎല്‍എയെ വിലക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. രാഹുല്‍ നിയമസഭയില്‍ എത്തരുതെന്ന് അഭിപ്രായമുള്ള ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. മുസ്ലിം ലീഗിനും രാഹുല്‍ മാറിനില്‍ക്കണമെന്ന നിലപാടാണ്. രാഹുല്‍ എത്തിയാല്‍ അത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങളെ ഭയന്ന് നിയമസഭാ സമ്മേളനത്തില്‍ നിന്ന് രാഹുല്‍ മാറിനില്‍ക്കും. മുന്നണി നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം രാഹുല്‍ അവധിയെടുക്കാനാണ് സാധ്യത.