എട്ട് മാസങ്ങൾക്ക് ശേഷം മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (09:17 IST)
മലപ്പുറം: വയനാട്ടിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ മൂന്നുദിവസത്തെ സന്ദർശനത്തിനായി വയനട് എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിയ്ക്കും എന്നാണ് വിവരം.

ആദ്യം മലപ്പുറത്താണ് രാഹുൽ ഗാന്ധി എത്തുക 12.30ന് ജില്ലാ കളക്‌ട്രേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. ശേഷം, പ്രളയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും വീടും നഷ്ടമായ മലപ്പുറം എടക്കരയിലെ കാവ്യ, കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്റെ താക്കോല്‍ കൈമാറും. 20ന് വയനാട് കലക്‌ട്രേറ്റിലെ കോവിഡ‍് അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും.

21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. കൊവിഡ് പ്രതിസന്ധി കാരണം എട്ട് മാസത്തിനു ശേഷമാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുന്നത്. ജനുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട്ടിലെത്തിയത്. വയനാട്ടിൽ സ്കൂൾ കെട്ടിടത്തിന് ഉദ്ഘാടനാനുമതി നിഷേധിച്ചെങ്കിലും ഇതിൽ രാഷ്ട്രീയ പ്രതികരണങ്ങൾ രാഹുൽ ഗാന്ധി നടത്തിയേക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :