ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്

PV Anvar and ADGP Ajith Kumar
PV Anvar and ADGP Ajith Kumar
രേണുക വേണു| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (09:55 IST)

ആരോപണ വിധേയനായ എഡിജിപി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കും. പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ചട്ടങ്ങള്‍ പാലിച്ചു വേണം അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കാന്‍. ഇക്കാരണത്താലാണ് ഉത്തരവ് വൈകുന്നതെന്നാണ് സൂചന. അന്വേഷണം നടക്കുമ്പോള്‍ അജിത് കുമാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി ഇരിക്കുന്നത് ശരിയല്ലെന്ന് അന്‍വര്‍ മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞിരുന്നു.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് രാവിലെ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമായി ചര്‍ച്ച നടത്തി. എഡിജിപി അജിത് കുമാറിനെതിരായ ചില നിര്‍ണായക തെളിവുകള്‍ അടക്കം അന്‍വര്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളെ ഗൗരവമായാണ് സര്‍ക്കാരും പാര്‍ട്ടിയും കാണുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാനായി സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം മുഖ്യമന്ത്രിക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്കെതിരെയും അന്‍വര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി എഡിജിപി അജിത് കുമാറിനു അഭേദ്യമായ ബന്ധമുണ്ടെന്നും അടുത്ത ഡിജിപി ആകാനുള്ള നീക്കങ്ങള്‍ അജിത് കുമാര്‍ നടത്തുന്നുണ്ടെന്നുമാണ് അന്‍വര്‍ പറയുന്നത്. പത്തനംതിട്ട എസ്.പി. സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയാണ് പി.വി.അന്‍വര്‍ എംഎല്‍എ അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തിയത്. സുജിത് ദാസിനു കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ചു കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നാണ് പ്രധാന ആരോപണം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നതായും അന്‍വര്‍ അജിത് കുമാറിനെതിരെ ഒളിയമ്പെയ്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :