രേണുക വേണു|
Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2023 (17:02 IST)
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരം കടുക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സഹതാപ തരംഗത്തിനു മറുപടിയായി വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചതാണ് മണ്ഡലത്തിലെ രാഷ്ട്രീയ കാറ്റ് മാറാന്‍ കാരണം. 53 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ഉമ്മന്‍ചാണ്ടി മണ്ഡലത്തിനായി കാര്യമായ വികസന പദ്ധതികളൊന്നും നടപ്പിലാക്കിയില്ലെന്ന പ്രചാരണമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. ഇത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടിയിലെ ഏറ്റവും താഴെ തട്ടില്‍ നിന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുവ വോട്ടര്‍മാര്‍ക്കിടയില്‍ ഈ പ്രചാരണം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മണ്ഡലത്തില്‍ കാര്യമായ വികസനങ്ങളൊന്നും ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരിക്കെ നടന്നിട്ടില്ലെന്ന തരത്തില്‍ യുവ വോട്ടര്‍മാര്‍ വരെ പ്രതികരിക്കുന്നു. ഇത് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
പുതുപ്പള്ളിക്ക് പുതിയ രൂപം നല്‍കും എന്നാണ് ഇടതുപക്ഷത്തിന്റെ വാഗ്ദാനം. ഇത് യുവ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് സിപിഎം നേതൃത്വവും വിലയിരുത്തുന്നു. പുതുപ്പള്ളിയുടെ തൊട്ടടുത്ത മണ്ഡലങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോള്‍ പല കാര്യങ്ങളിലും പുതുപ്പള്ളി 10 വര്‍ഷം പിന്നിലാണെന്ന് പ്രചരിപ്പിക്കുകയാണ് സിപിഎം സൈബര്‍ കൂട്ടായ്മകളും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ആയുധമാക്കിയിരിക്കുന്നത് പുതുപ്പള്ളിയിലെ വികസന മുരടിപ്പാണ്.
കേവലം സഹതാപ തരംഗം കൊണ്ട് ജയിച്ചു കയറാവുന്ന രാഷ്ട്രീയ അവസ്ഥയല്ല പുതുപ്പള്ളിയിലേതെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നുണ്ട്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ തങ്ങള്‍ക്ക് അടിയുറച്ച രാഷ്ട്രീയ വോട്ടുകള്‍ ഉണ്ടെന്നും അതിനൊപ്പം നിഷ്പക്ഷ വോട്ടുകള്‍ കൂടി പെട്ടിയിലാക്കിയാല്‍ വിജയം സുനിശ്ചിതമാണെന്നും സിപിഎം വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പുതുപ്പള്ളിയില്‍ നേരിട്ടെത്തി ജെയ്ക്കിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കും. പുതുപ്പള്ളിയുടെ വികസന മുരടിപ്പ് തന്നെയായിരിക്കും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രചാരണ യോഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കുക.