കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി വയനാട്ടില്‍ ജനകീയ തെരച്ചില്‍ ആരംഭിച്ചു

രാവിലെ തുടങ്ങി വൈകിട്ട് വരെ തെരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണമാണ് 11 മണിക്ക് അവസാനിപ്പിക്കുന്നത്

Wayanad Land Slide
Wayanad Land Slide
രേണുക വേണു| Last Updated: വെള്ളി, 9 ഓഗസ്റ്റ് 2024 (10:10 IST)

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് രാവിലെ ആറിനു ആരംഭിച്ച ജനകീയ തെരച്ചില്‍ പുരോഗമിക്കുന്നു. ഇന്ന് 11 മണി വരെ ജനകീയ തെരച്ചില്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ഇന്നലെ അറിയിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തെരരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരും റവന്യൂ സംഘത്തിനൊപ്പം തെരച്ചിലില്‍ പങ്കാളികളാണ്.

രാവിലെ തുടങ്ങി വൈകിട്ട് വരെ തെരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണമാണ് 11 മണിക്ക് അവസാനിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തെരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇവയുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :