പ്രേമം ഉഴപ്പാണെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ ഇനിയും ഉഴപ്പണമെന്ന് ബി ഉണ്ണിക്കൃഷ്‌ണന്‍

പ്രേമം ഉഴപ്പാണെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ ഇനിയും ഉഴപ്പണമെന്ന് ബി ഉണ്ണിക്കൃഷ്‌ണന്‍

കൊച്ചി| JOYS JOY| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (13:45 IST)
യുവത്വത്തിന്റെ ഹരമായി മാറിയ ‘പ്രേമം’ സിനിമ ഉഴപ്പിയെടുത്തതാണെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ ഇനിയും ഉഴപ്പണമെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്‌ണന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ‘പ്രേമം’ സിനിമയെ തഴഞ്ഞിരുന്നു. കൂടാതെ, ‘പ്രേമം’ സംവിധായകന്‍ ഉഴപ്പിയെടുത്തതാണെന്ന് ജൂറി ചെയര്‍മാന്‍ മോഹന്‍ പറയുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ബി ഉണ്ണിക്കൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍ അല്‍ഫോന്‍സ് പുത്രന് അംഗീകാരവുമായി എത്തിയത്.

ബി ഉണ്ണിക്കൃഷ്‌ണന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റില്‍ നിന്ന്

“ഇന്നലെ ടിവിയിൽ ഒരിക്കൽ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞദിവസം അൽഫോൻസ്‌ മോഹൻ സാറിനോട്‌ ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാൻ അതിൽ കക്ഷി ചേരുന്നില്ല. സാധാരണ അവാർഡ്‌ വിവാദങ്ങളിൽ/സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്‌ ചെയ്യാറുള്ളത്‌. ഒരു ജൂറി അവരുടെ ബോധ്യങ്ങൾ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാർഡിനും ഇല്ല. പക്ഷേ, അവാർഡ്‌ പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്‌, ജൂറി ചെയർമാൻ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമർശനങ്ങളൊക്കെ നടത്തുമ്പോൾ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്‌, ഇതിന്റെ ആദ്യപകുതിക്ക്‌ ഏകാഗ്രതയില്ല, ഇതിന്‌ ഘടനയില്ല, ഫോക്കസില്ല, ഇത്‌ ഉഴപ്പിയെടുത്തതാണ്‌ എന്നൊക്കെ പറയാൻ ഞാൻ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന്‌ എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാൾ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച്‌ പറയാൻ കഴിയില്ല. ഇത്‌ ഉഴപ്പലാണെങ്കിൽ അൽഫോൻസ്‌ താങ്കൾ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക്‌ പറയാനൊള്ളൂ. നമ്മുക്ക്‌ ഈ അവാർഡ്‌ വേണ്ട്രടാ! ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :