ദിവ്യയുടെ രാജി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കും

കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ദിവ്യയെ പ്രതി ചേര്‍ത്ത റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ നല്‍കിയത്

PP Divya
രേണുക വേണു| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (08:22 IST)
PP Divya

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിനു സാധ്യതയുള്ളതിനാലാണ് ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചത്.

കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ദിവ്യയെ പ്രതി ചേര്‍ത്ത റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ നല്‍കിയത്. കേസില്‍ പൊലീസ് ദിവ്യയെ ഇന്ന് ചോദ്യം ചെയ്‌തേക്കും. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും.

പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പി.പി.ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പ്രസിഡന്റ് പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ രാജിവയ്ക്കുന്നതായും ദിവ്യ പറഞ്ഞിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് താന്‍ നടത്തിയതെന്നും ആ പ്രതികരണങ്ങളില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നതായും ദിവ്യ രാജിക്കത്തില്‍ പറഞ്ഞു.


സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ദിവ്യയുടെ രാജിക്ക് വേണ്ടി സംസ്ഥാന നേതൃത്വത്തോട് സമ്മര്‍ദ്ദം ചെലുത്തിയത്. നവീന്‍ ബാബു അഴിമതിക്കാരനല്ലെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായിരുന്നെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞിരുന്നു. ദിവ്യ കുറ്റക്കാരിയെങ്കില്‍ നടപടിയെടുക്കണമെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :