രേണുക വേണു|
Last Modified വെള്ളി, 8 ഡിസംബര്‍ 2023 (09:09 IST)
കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതാണ് സിറോ മലബാര്‍ സഭയുടെ അധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തായുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജിയിലേക്ക് വഴി തുറന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മാര്‍പാപ്പയ്ക്ക് നീരസം ഉണ്ടായിരുന്നു. കൂടുതല്‍ പക്വതയോടെ ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ആര്‍ച്ച് ബിഷപ് ശ്രമിക്കണമായിരുന്നു എന്നാണ് വത്തിക്കാന്റെ നിലപാട്. മാര്‍പാപ്പയുടെ പ്രതിനിധിയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിനു പിന്നാലെയാണ് ജോര്‍ജ് ആലഞ്ചേരിയെ മാറ്റാനുള്ള ആലോചനകള്‍ വത്തിക്കാന്‍ ആരംഭിച്ചത്.
സ്വയമേ രാജിവെച്ച് ഒഴിയാനുള്ള അവസരം വത്തിക്കാന്‍ ആലഞ്ചേരിക്ക് നല്‍കിയിരുന്നു. അതു പ്രകാരമാണ് വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലഞ്ചേരി രാജിക്കത്ത് സമര്‍പ്പിച്ചത്. ആലഞ്ചേരിയുടെ രാജി മാര്‍പാപ്പ അംഗീകരിക്കുകയും ചെയ്തു. പുതിയ ആര്‍ച്ച് ബിഷപ് സ്ഥാനമേല്‍ക്കുന്നതു വരെ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല. അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തല്‍സ്ഥാനത്തു നിന്നു നീക്കി. മാര്‍ ബോസ്‌കോ പുത്തൂരാണ് പുതിയ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍.
2011 ലാണ് സിറോ മലബാര്‍ സഭ അധ്യക്ഷനായി ജോര്‍ജ് ആലഞ്ചേരി ചുമതലയേറ്റത്. 12 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോഴത്തെ പടിയിറക്കം. മേജര്‍ ആര്‍ച്ച് ബിഷപ് എമിരിറ്റസ് എന്ന പേരിലായിരിക്കും ആലഞ്ചേരി ഇനി അറിയപ്പെടുക.