പൂഞ്ഞാറില്‍ നടന്നത് പേയ്‌മെന്റ് തീരുമാനം, ഇടതുമുന്നണി കാശ് വാങ്ങി സീറ്റ് നല്കി, തന്നോട് ചതിയും നെറികേടും കാണിച്ചെന്നും പി സി ജോര്‍ജ്

പൂഞ്ഞാറില്‍ നടന്നത് പേയ്‌മെന്റ് തീരുമാനം, ഇടതുമുന്നണി കാശ് വാങ്ങി സീറ്റ് നല്കി, തന്നോട് ചതിയും നെറികേടും കാണിച്ചെന്നും പി സി ജോര്‍ജ്

കോട്ടയം| JOYS JOY| Last Updated: ചൊവ്വ, 29 മാര്‍ച്ച് 2016 (17:42 IST)
ഇടതുമുന്നണിക്ക് എതിരെ ആഞ്ഞടിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ് രംഗത്ത്. പൂഞ്ഞാറില്‍ പി സി ജോര്‍ജിന് ഇടതുമുന്നണി സീറ്റ് നിഷേധിച്ച പശ്ചാത്തലത്തിലാണ് എല്‍ ഡി എഫിനെതിരെ ശക്തമായി രംഗത്തെത്തിയത്. പൂഞ്ഞാറിലെ സീറ്റില്‍ ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്‌ണന്മാരും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും പേയ്മെന്റ് സീറ്റല്ല, പേയ്മെന്റ് തീരുമാനം ആണ് പൂഞ്ഞാറില്‍ ഇടതുമുന്നണി കൈക്കൊണ്ടതെന്നും പി സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി കാശ് വാങ്ങി സീറ്റ് നല്കിയെന്നും തന്നോട് ചതിയും നെറികേടും കാണിച്ചെന്നും പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാര്‍ ജനതയുടെ ദാസ്യവൃത്തി ചെയ്യുകയാണ് എന്റെ ജോലി. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സിറ്റിംഗ് എം എല്‍ എ ആയ തന്നെ മാറ്റി നിര്‍ത്താനുള്ള എല്‍ ഡി എഫ് തീരുമാനത്തിന്റെ കാരണം തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇടതുമുന്നണി ഇതു പോലെ തന്നെ വഞ്ചിച്ച് ചതിച്ചുവെങ്കിലും ഒരു ത്രിതല പഞ്ചായത്തിലും ചതിക്കാന്‍ താന്‍ ആരുടെയും പേയ്മെന്റ് വാങ്ങിയിട്ടില്ല. ത്രിതല പഞ്ചായത്തുകളില്‍ അഞ്ചു വര്‍ഷത്തേക്ക് ഉണ്ടാക്കിയിരിക്കുന്ന കരാറില്‍ നിന്ന് പിറകോട്ട് പോകില്ല. താന്‍ ഫാരിസ് അബൂബക്കര്‍മാരുടെ ചിലവില്‍ കഴിയുന്നവനല്ലെന്നും ചതിക്കാന്‍ താനില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

ശെല്‍വരാജിന്റെ കൂറുമാറ്റത്തില്‍ താന്‍ ഇടപെട്ടിട്ടുണ്ടെന്നും എന്നാല്‍, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപ്പോള്‍ പിണറായി വിജയന്‍ കേരളത്തില്‍ ഇല്ലായിരുന്നോ
എന്നും അദ്ദേഹം ചോദിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂര്‍, കാസര്‍കോഡ് മേഖലകളില്‍ താന്‍ പ്രസംഗിക്കാന്‍ പോയത് പി ജയരാജന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ട് ആയിരുന്നു.

കണ്ണൂരില്‍ ഇടതുമുന്നണിയുടെ അഞ്ചു പൊതുയോഗങ്ങളില്‍ പങ്കെടുത്തയാളാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയരാജന്‍ വിളിച്ച് നന്ദിയുണ്ടെന്ന് പറഞ്ഞെന്നും പി സി ജോര്‍ജ് പറജ്ജ്ഞു. സീറ്റില്ലെങ്കിലും
പി സി ജോര്‍ജ് ഇനിയും ഇടതുമുന്നണിയില്‍ സഹകരിക്കുമെന്ന് ഒരു സഖാവ് പറഞ്ഞു. താന്‍ എന്തിനാണ് സഹകരിക്കുന്നത് വിറകുവെട്ടാനോ അതോ എ കെ ജി സെന്ററില്‍ കഞ്ഞി വെച്ച് കൊടുക്കാനാണോ എന്നും പി സി ജോര്‍ജ് ചോദിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 22ന് നോമിനേഷന്‍ കൊടുത്തു കഴിഞ്ഞാല്‍ ഒരു രാഷ്‌ട്രീയ തീരുമാനം ഉണ്ടാകും. പൂഞ്ഞാറ്റിലെ ജനങ്ങള്‍ തന്നോടൊപ്പമാണെന്നും അറയ്ക്കല്‍ പിതാവ് സ്വന്തം ആളാണെന്നും ആ പിതാവിനെ പറ്റി വൃത്തിക്കേട് പറയില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ‘ഹൃദയം നുറുങ്ങിയവര്‍ക്ക് ദൈവം സമീപസ്ഥനാണ്, മനസ്സ് തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു’ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച പി സി ജോര്‍ജ് തന്റെ ഹൃദയം നുറുങ്ങിയിരിക്കുകയാണെന്നും തന്നോടൊപ്പം ദൈവം ഉണ്ടെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :