കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസ്, ക്വട്ടേഷൻ നൽകിയത് ബന്ധു: സിനിമയെ വെല്ലുന്ന ഓപ്പറേഷനിലൂടെ കേസ് തെളിയിച്ച് കേരള പോലീസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:14 IST)
കൊല്ലം കൊട്ടിയത്ത് 14കാരനെ തട്ടികൊണ്ടുപോയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി കേരള പോലീസ്. കുട്ടിയെ തട്ടികൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തിലെ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛനും അമ്മയും വീട്ടിൽ ഇല്ലെന്ന് ഉറപ്പാക്കി രണ്ടംഗ സംഘം ആഷിഖിൻ്റെ വീടിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് ഈ സംഘം അകത്തേക്ക് കയറി.സഹോദരിയെയും അയല്‍വാസിയെയും തള്ളിമാറ്റി കുട്ടിയെ ബലമായി പുറത്തേക്കുകൊണ്ടുപോയി. സംഘം കുട്ടിയുമായി വേഗത്തില്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ ശ്രമമാണ് പോലീസിൻ്റെ അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞത്.

തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാറശാല അടക്കം എല്ലാ ചെക്പോസ്റ്റുകളിലും അതിര്‍ത്തി റോഡുകളിലും പൊലീസ് നിലയുറപ്പിച്ചു. പാറശാല എത്തുന്നതിന് മുൻപെ പോലീസിനെ കണ്ട സംഘം അതിവേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായ ചേസിങ്ങിനൊടുവിൽ പോലീസ് ഇവരെ പിടികൂടി.

കാർ ഉപേക്ഷിച്ച സംഘം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ തൊട്ടടുത്ത ജങ്ഷനില്‍ വെച്ച് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആഷിഖിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഒരാളെ മാത്രമാണ് നിലവിൽ പോലീസിന് പിടികൂടാനായത്. എന്നാൽ സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ഇന്ന് തന്നെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതിനായി തമിഴ്നാട് പൊലീസുമായി യോജിച്ചുള്ള ഓപറേഷനാണ് കേരളാ പൊലീസ് നടത്തുന്നത്.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ളതർക്കമാണ് 14കാരനെ തട്ടികൊണ്ടുപോകുന്നതിലേക്ക് എത്തിച്ചത്.
കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിൻ്റെ മകൻ പുറത്തുള്ള സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സംഘത്തിൽ 9 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :