Last Modified തിങ്കള്‍, 15 ജൂലൈ 2019 (11:08 IST)
പെട്ടെന്നുണ്ടായ പ്രകോപനമാണ് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തിനിന്റേയും നസീമിന്റേയും മൊഴി. ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ഇരുവരും ഇന്നലെ അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.
അതേസമയം അക്രമം ആസൂത്രിതമായിരുന്നെന്നും പ്രതികളില്‍ നിന്നും രക്ഷപ്പെട്ട് അഖില്‍ ഓടിയപ്പോള്‍ പിന്നാലെ ഓടി പിടിച്ചു നിര്‍ത്തി കുത്തുകയായിരുന്നുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.തന്നെ കുത്തിയത് ശിവരജ്ഞിത്താണെന്ന് അഖില്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് കോളേജിന് പുറത്തുനിന്നുള്ളവരേയും എത്തിച്ചിരുന്നെന്നും ആക്രമിക്കാനായി മനപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നുമായിരുന്നു അഖിലിന്റെ മൊഴി.
കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.
ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറുപേര്‍ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്.
ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു.