എ ടി എം തട്ടിപ്പ്: പാലക്കാട് ദമ്പതികൾക്ക് നഷ്ടപെട്ടത് ഏഴര ലക്ഷം

എ ടി എം തട്ടിപ്പ്: ദമ്പതികള്‍ക്ക് ഏഴര ലക്ഷം നഷ്ടപ്പെട്ടു

നിലമ്പൂര്‍| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (14:58 IST)
പാലക്കാട് സ്വദേശികളായ ദമ്പതികള്‍ക്ക് എ ടി എം വഴി ഏഴര ലക്ഷം രൂപ നഷ്ടപ്പെട്ടു. പാലക്കാട് വടക്കും‍തറ ദേവിനഗര്‍ രഘുപതി, ഭാര്യ ശാന്തകുമാരി എന്നിവരുടെ ഇന്ത്യന്‍ ബാങ്കിലെ അക്കൌണ്ടുകളില്‍ നിന്നാണ് ഈ തുക കോയമ്പത്തൂരില്‍ നിന്ന് പലതവണകളായി നഷ്ടപ്പെട്ടത്.
നിലമ്പൂര്‍ ചാലിയാര്‍ വൈലാശേരിയിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

ഈ മാസം പതിനാറാം തീയതി ബാങ്ക് ഹെഡ് ഓഫീസില്‍ നിന്നെന്നു പറഞ്ഞ് എ ടി എം കാര്‍ഡ് കാലാവധി കഴിഞ്ഞെന്നും പുതിയത് ലഭിക്കാന്‍ അക്കൌണ്ട് നമ്പര്‍ വേണമെന്നും പറഞ്ഞിട്ട് ബാങ്കില്‍ നിന്ന് എ ടി എം കാര്‍ഡ് ഉപയോഗിച്ച് 500 രൂപ പിന്‍വലിക്കാനും ശാന്തകുമാരിയോട് ആവശ്യപ്പെട്ടു.

ഇതിനൊപ്പം ഇതേ രീതിയില്‍ ശാന്തകുമാരിയുടെ ഭര്‍ത്താവ് രഘുപതിയോടും അക്കൌണ്ട് നമ്പരും പിന്‍നമ്പരും ആവശ്യപ്പെട്ടു. ഇരുപത്തിരണ്ടാം തീയതിവരെ ഇവര്‍ക്ക് ഇത്തരത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതിനൊപ്പം ഇവര്‍ക്ക് മറ്റ് ബാങ്കുകളില്‍ അക്കൌണ്ട് ഉണ്ടോ എന്നും അന്വേഷിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ സംശയം തോന്നിയപ്പോള്‍ ദമ്പതികള്‍ അക്കൌണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി തങ്ങളുടെ അക്കൌണ്ടുകളില്‍ നിന്ന് ഏഴര ലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. രഘുപതിക്ക് 3,27,800 രൂപയും ശാന്തകുമാരിക്ക് 4,26,700 രൂപയുമാണു ഇത്തരത്തില്‍ നഷ്ടമായത്. നിലമ്പൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :