തിരുവനന്തപുരം|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (18:11 IST)
മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചുമരിച്ച മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യത്തിന്റെ അംശം രക്തത്തില്‍ കാണാതിരിക്കാനുള്ള മരുന്ന് ശ്രീറാം ഉപയോഗിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. മദ്യപിച്ചവര്‍ വാഹനം ഓടിക്കാന്‍ പാടില്ല എന്ന് ശ്രീറാമിന് അറിയാവുന്ന കാര്യമാണല്ലോ. ഇനി മദ്യപിച്ചിട്ടില്ലെങ്കില്‍ പോലും അമിതവേഗതയില്‍ വാഹനം ഓടിക്കരുതെന്ന് അദ്ദേഹത്തിന് അറിയാമല്ലോ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ തലത്തിലുള്ള ഒരാള്‍ക്ക് ആ ധാരണ ഉണ്ടാവണമല്ലോ. നിയമത്തേക്കുറിച്ച് അറിയാവുന്നവര്‍ അത് ലംഘിക്കുമ്പോള്‍ ഗൌരവം കൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യം കഴിച്ചു എന്ന കാര്യം ശ്രീറാം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മദ്യപിച്ചിരുന്നു എന്നത് സമൂഹം അംഗീകരിച്ച കാര്യമാണ്. ആ സമയത്ത് അദ്ദേഹത്തെ കണ്ടവര്‍ വ്യക്തമാക്കിയത് ശ്രീറാം നല്ലതുപോലെ മദ്യപിച്ചിരുന്നു എന്നാണ്. പുതിയ പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും അറിയാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.