'അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍'; തെളിവുകള്‍ സഹിതം മറുപടി നല്‍കി മുഖ്യമന്ത്രി

ജൂലൈ 23 മുതല്‍ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിനു നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിട്ടില്ല

Pinarayi Vijayan and Amit Shah
രേണുക വേണു| Last Modified ബുധന്‍, 31 ജൂലൈ 2024 (17:34 IST)
Pinarayi Vijayan and Amit Shah

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം കാര്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനു തെളിവ് സഹിതം മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരുന്നത്. അവിടെ 115 നും 204 മില്ലി മീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ അവിടെ 48 മണിക്കൂറിനുള്ളില്‍ പെയ്തത് 572 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിനും എത്രയോ വലിയ അളവിലാണ് മഴ പെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

' ദുരന്തം ഉണ്ടായ സ്ഥലത്ത് ഒരു തവണ പോലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടില്ല. അപകടമുണ്ടായ ശേഷം പിറ്റേന്ന് രാവിലെ ആറിനാണ് ഈ പ്രദേശത്ത് റെഡ് അലര്‍ട്ട് മുന്നറിയിപ്പായി നല്‍കുന്നത്. ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അവര്‍ 29 നു നല്‍കിയ മുന്നറിയിപ്പില്‍ ഗ്രീന്‍ അലര്‍ട്ട് മാത്രമാണ് നല്‍കിയിരിക്കുന്നത്,' മുഖ്യമന്ത്രി പറഞ്ഞു.

' ജൂലൈ 23 മുതല്‍ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിനു നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിട്ടില്ല. ഇതാണ് വസ്തുത. 29 നു ഉച്ചയ്ക്ക് ഒരു മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലയ്ക്ക് ഓറഞ്ച് അലര്‍ട്ട് മാത്രമാണ്. ജൂലൈ 30 നു രാവിലെ ആറിനാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇതേ ദിവസം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉച്ചയ്ക്കു രണ്ട് മണിക്കു നല്‍കിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഇവ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പച്ച എന്നാല്‍ ചെറിയ മണ്ണിടിച്ചിലില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചേക്കാം എന്ന് മാത്രമാണ് അര്‍ത്ഥം. അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്തു. മറ്റൊരു കേന്ദ്ര ഏജന്‍സിയാണ് കേന്ദ്ര ജലകമ്മീഷന്‍. അവരാണ് പ്രളയ മുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജല കമ്മീഷന്‍ ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായാണ് കാണേണ്ടത്,' മുഖ്യമന്ത്രി വ്യക്തമാക്കി.

എന്‍ഡിആര്‍എഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു എന്ന അമിത് ഷായുടെ പ്രസ്താവനയേയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. മഴക്കാലം തുടങ്ങുമ്പോള്‍ കേരളം ഇത്തരത്തില്‍ ആവശ്യപ്പെടാറുള്ളതാണ്. ഇത്തവണയും കേരളം ആവശ്യപ്പെട്ടതിനു ശേഷമാണ് എന്‍ഡിആര്‍എഫ് സംഘത്തെ കേന്ദ്രം അയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :