അരുവിക്കര|
JOYS JOY|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (13:30 IST)
ഒളിക്യാമറകള്‍ ജനങ്ങളുടെ മൂന്നാം കണ്ണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അരുവിക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍കോഴ സംബന്ധിച്ച് ചാനലുകളിലൂടെ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ തെളിവുകളുടെ പരമ്പരയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ സെക്സ് റാക്കറ്റായി മാറിയിരിക്കുന്നു. നാണവും മാനവും ഉണ്ടെങ്കില്‍ ആരോപണവിധേയര്‍ പ്രതികരിക്കേണ്ടതല്ലേ. ഗോപകുമാറിനെ ഐ ജി ആക്കിയത് ഉപകാരസ്മരണയാണ്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു.
എല്ലാ കൊള്ളരുതായ്മകള്‍ക്കും നേതൃത്വം കൊടുക്കുന്നവര്‍ക്കുള്ള മറുപടിയായിരിക്കണം അരുവിക്കരന്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ജനവിധി വ്യക്തമാണ്. അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ സംസ്ഥാനത്ത് നടക്കും. തെരഞ്ഞെടുപ്പു ഫലത്തോടെ യു ഡി എഫ് ഭരണം ഇല്ലാതാകുമെന്നും യു ഡി എഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്‍ മോഹന്‍ സിംഗ് ചെയ്തത് തന്നെയാണ് മോഡിയും ചെയ്തു കൊണ്ടിരിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും വിലവര്‍ദ്ധന അതിന് ഉദാഹരണമാണ്. വന്‍കിട കമ്പനികളെ സഹായിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
താന്‍ മറ്റു ജോലികളില്‍ ആയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരിക്കുന്നത്. സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും തല മുതിര്‍ന്ന നേതാവുമാണ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹം ചെയ്യേണ്ട ജോലിയാണ് അദ്ദേഹം ചെയ്തത്. വി എസ് പാര്‍ട്ടി ഉത്തരവാദിത്തം നിര്‍വ്വഹിക്കുമ്പോള്‍ യു ഡി എഫ് അസ്വസ്ഥതപ്പെടേണ്ട കാര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.