വെബ്‌ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 10 ഡിസംബര്‍ 2019 (21:19 IST)
തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗത ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച് മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ബില്ലിന് അടിസ്ഥാനം എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ. ഇന്ത്യക്കാരായ എല്ലാവര്‍ക്കും മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ലിംഗത്തിന്റെയോ തൊഴിലിന്റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യന്‍ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുക. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്.
ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തുകയാണ്. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ബില്ലില്‍ പറയുന്ന മൂന്നു രാജ്യങ്ങളില്‍ നിന്നല്ലാതെ ശ്രീലങ്കയില്‍ നിന്നുള്‍പ്പെടെ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നത് സംഘപരിവാറിന് അറിയാത്തതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.