മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ല; ആകെ നടന്നത് ലഡു വിതരണം: പിണറായി വിജയന്‍

Last Updated: വെള്ളി, 13 മാര്‍ച്ച് 2015 (11:35 IST)
ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രതിരോധിക്കുമെന്നാണ് പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ നിയമസഭ ചേര്‍ന്നിട്ടില്ലെന്നും സഭാനടപടികൾ ആരംഭിക്കാതെ ബജറ്റ് അവതരിപ്പിക്കാനാവില്ലെന്നും
പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പിണറായി.

ഭരണപക്ഷ എം എല്‍ എമാര്‍ കയ്യില്‍ കരുതിയ ലഡു വിതരണം ചേയ്തത് മാത്രമാണ് ഇന്ന് നടന്നത്. ബജറ്റ് വീണ്ടും മാണിയല്ലാതെ മറ്റൊരാള്‍ അവതരിപ്പിക്കേണ്ടിവരുമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെ വന്‍ അക്രമമാണ് നടന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രായവ്യത്യാസമില്ലാതെ എംഎല്‍എ മാരെ നിലത്ത് ഇട്ട് ചവിട്ടുകയായിരുന്നു. രാജേഷ് മുതല്‍ ദിവാകരന്‍ വരെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. രാജേഷിനെ ഒന്നിലധികം ആളുകള്‍ ചവുട്ടിയെന്നും പിണറായി പറഞ്ഞു.

നിയമസഭയ്ക്ക് വെളിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്നും എല്ലാ സ്ഥാലത്തും ഭീകരമായ അക്രമണമാണ് പൊലീസ് അഴിച്ചുവിട്ടതെന്നും പിണറായി ആരോപിച്ചു. പ്രതിപക്ഷ എം എല്‍ എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന മര്‍ദ്ദനത്തിനുള്ള പ്രതിഷേധം ഇന്ന് തന്നെ തീരുമാനിക്കും. കെ എം മാണിക്കെതിരായ പ്രതിഷേധം സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :