ഇന്നുമുതല്‍ വില കൂടുന്ന സാധനങ്ങള്‍...!

500 രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും

രേണുക വേണു| Last Modified ശനി, 1 ഏപ്രില്‍ 2023 (10:32 IST)

കേരളത്തില്‍ ഇന്നുമുതല്‍ ജീവിതച്ചെലവ് വര്‍ധിക്കും. മദ്യം, പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ പോകുന്ന വില വര്‍ധനവ്. ഇന്നുമുതല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നല്‍കണം. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസാണ് നിലവില്‍ വന്നത്. മദ്യത്തിന്റെ വിലയും ഭൂമിയുടെ ന്യായവിലയും ഇന്നുമുതലാണ് കൂടുന്നത്.

ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധനയാണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാകും വില.

500 രൂപ മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്ക് മുകളിലുള്ള ബോട്ടിലിന് 40 രൂപയാണ് സെസ് പിരിക്കുക.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസ് കൂട്ടി. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതി നല്‍കണം. അഞ്ച് ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയ്ക്കും നിരക്ക് കൂട്ടി. വാണിജ്യ-വ്യവസായ മേഖലയിലെ വൈദ്യുതി തീരുവ അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലെ നിരക്കും ഇന്നുമുതല്‍ വര്‍ധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :